പെട്ടിമുടി : ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങള്‍

മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് കാണാതായവരില്‍ ഇതുവരെ 41 മൃതദേഹങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ ആരംഭിച്ച തെരച്ചിലില്‍ 15 മൃതദേഹങ്ങള്‍ കൂടി കണ്ടടുത്തു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചില്‍ തുടരുന്നത്. പൊലീസ് ഡോഗ് സ്വകാഡും പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്‌സ് എന്‍ഡിആര്‍എഫ് ടീമുകള്‍ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തെരച്ചില്‍ ആരംഭിച്ചത്.

മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടുതലായി എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടുക്കി എസ്പി കറുപ്പു സ്വാമി പറഞ്ഞു. മണ്ണിനിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരീശീലനം നേടിയ രണ്ട് പൊലീസ് നായ്ക്കളെ പെട്ടിമുടിയില്‍ എത്തിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. സമീപത്തെ പുഴയില്‍ തെരച്ചില്‍ നടത്തുവാനായി മുങ്ങല്‍ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ മഴ ശക്തമാക്കുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നത്.

81 പേര്‍ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കില്‍ പറയുന്നത്. 58 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ലയങ്ങളില്‍ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാര്‍ത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 100നു മുകളില്‍ ആളുകള്‍ ലയത്തില്‍ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. 20 ഓളം വീടുകളാണ് മണ്ണിനടിയിലായത്. ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ പതിനെട്ടു കുഞ്ഞുങ്ങളെ കാണാതായിട്ടുണ്ട്.