രാജമല ദുരന്തം ; മരണം 49 ആയി , ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി

മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. 12 പേര്‍ രക്ഷപ്പെട്ടു. ആഗസ്ത് 7നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം തല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.