അന്തം വിട്ട പ്രതി എന്തും ചെയ്യും ; പിണറായിയെയും കോടിയേരിയെയും വിമര്‍ശിച്ച് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് എണ്ണിയെണ്ണി പറഞ്ഞാല്‍ എണ്ണിയെണ്ണി മറുപടി നല്‍കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകള്‍ എന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കാന്‍ എ കെ ബാലന്‍ നേതൃത്വത്തില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് തനിക്കെതിരെ അന്വേഷണം നടത്തി. വേട്ടയാടല്‍ കുറെ നാളായി തുടങ്ങിയതാണ്. ഇതുവരെ അന്വേഷിച്ച ഏതെങ്കിലും ഒരു കാര്യത്തില്‍ തെളിവ് ലഭിച്ചോ? തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും വിരട്ടല്‍ വേണ്ടെന്നും രമേശ് ചെന്നിത്തല അതേ നാണയത്തില്‍ തിരിച്ചടിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍ . പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ലൈഫ് മിഷനില്‍ ഒരു കോടി രൂപയാണ് സ്വപ്നക്ക് ലഭിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കിയതുകൊണ്ട് തന്നെ ഉത്തരവാദിത്വം അവസാനിച്ചെന്ന് മുഖ്യമന്ത്രി കരുതരുത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന് നാലുദിവസം മുന്‍പ് സ്വപ്നയും ശിവശങ്കറും ദുബായിലെത്തി.

ലൈഫ് പദ്ധതിയുടെ പേരില്‍ ഒരു കോടി രൂപ കമ്മീഷന്‍ കിട്ടി എന്നാണ് സ്വപ്ന കോടതിയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം അവര്‍ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നുണ്ട്. ആ തുകയാണ് ശിവശങ്കറിന്റെ സഹായത്തോടെ ലോക്കറില്‍ വെച്ചതെന്ന് സ്വപ്ന പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ശിവശങ്കറിനും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കുമുള്ള പങ്കെന്താണെന്നും ചെന്നിത്തല ചോദിച്ചു. റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ? ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൂടാതെ ലോക് ഡൗണ്‍ കാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശത്രുസംഹാര പൂജ നടത്തിയെന്ന് ചെന്നിത്തല ആരോപിക്കുന്നു. ശത്രുസംഹാര പൂജ നടത്തിയത് ശബരിമല മുന്‍ മേല്‍ശാന്തിയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പോലും ലംഘിച്ച് ശത്രു സംഹാര പൂജ സ്വന്തം വീട്ടില്‍ നടത്തിയ ആളാണ് എനിക്കെതിരെ ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ശബരിമല മുന്‍ മേല്‍ശാന്തിയെക്കൊണ്ടാണ് പൂജ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയകളിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും വായിച്ചു. തിരക്കിയപ്പോള്‍ ശരിയാണ്. പണ്ട് പൂ മൂടല്‍ പൂജ നടത്തിയതിന്റെ ഭാഗമായാണിത്. എതായാലും പിണറായി വിജയന്‍ പേടിച്ചാല്‍ മതി, ഞാന്‍ പേടിക്കേണ്ട കാര്യമില്ല. ഞാന്‍ നല്ല വിശ്വാസിയാ’ ചെന്നിത്തല പറഞ്ഞു.

ശാഖയില്‍ പോയിട്ടുള്ള എസ്. രാമചന്ദ്രന്‍ പിള്ളയുടെ ശിഷ്യനാണ് കോടിയേരി ബാലകൃഷ്ണന്‍. എസ്.ആര്‍.പി.യുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആര്‍എസ്എസുകാര്‍ ആണെന്നു കോടിയേരിക്ക് തോന്നുന്നത്. പാര്‍ട്ടി സെക്രട്ടറി ഇത്ര വര്‍ഗീയവാദി ആകുന്നത് ആദ്യമാണ്. ആര്‍.എസ്.എസ്.ലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം തന്റെ അച്ഛന് ആര്‍.എസ്.എസ്. ബന്ധം എന്നാരോപിച്ചു. പിന്നീട് തന്നെ സര്‍സംഘചാലക് ആക്കി . ഇപ്പോള്‍ തന്റെ ഗണ്‍മാനും ആര്‍.എസ്.എസ്. എന്നാണ് പറയുന്നത്. തന്റെ കുക്കിനെയും നാളെ ആര്‍എസ്എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പരിഹസിച്ചു.