ഉന്നതരുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് സ്വപ്നയും കൂട്ടുപ്രതികളും
വിവാദ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് ഉന്നത തലത്തില്‍ അടുത്ത ബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികള്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ നിലപാട്.
ഒരു വര്‍ഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികള്‍ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ പതിന്നാലുവരെ കസ്റ്റഡിയില്‍ നല്‍കിയത്.
നേരത്തെ കസ്റ്റംസും എന്‍ ഐ എയും ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ ഉന്നതതല ബന്ധത്തെക്കുറിച്ച് ഇവരോടും പ്രതികള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത് കള്ളക്കടത്തിന് സഹായകരമാകുന്ന രീതിയില്‍ ഉള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റംസും എന്‍ ഐ എയും വീണ്ടും ചോദ്യം ചെയ്തതും ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ആ സാഹചര്യം തന്നെയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിലുള്ളതും.