കനത്ത മഴ , എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം എന്ന് ആരോഗ്യ മന്ത്രി
മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എലിപ്പനിയ്‌ക്കെതിരായ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് സൗജന്യമായി ലഭ്യമാണെന്നും കെ കെ ശൈലജ അറിയിച്ചു.
പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ ഏറ്റവും അപകടകമായ ഒന്നാണ് എലിപ്പനി. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി തക്ക ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന പകര്‍ച്ചവ്യാധിയാണ് ഇത്.
കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കൂടുതലായി കണ്ടുവരുന്നത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.
പനി, പേശി വേദന ( പ്രധാനമായും കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.