പുട്ടണ്ണന് അഭിവാദ്യം അര്‍പ്പിച്ച് മലയാളിപ്പട ; പുടിന്റെ പേജില്‍ നന്ദി പ്രകാശനം

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നോക്കി അന്തംവിട്ടു ഇരിപ്പാകും ഇപ്പോള്‍. കോവിഡ് പ്രതിരോധത്തിലെ നിര്‍ണായക കാല്‍വെപ്പ് നടത്തിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്നാണ് പ്രഖ്യാപനം നടത്തിയത്. തന്റെ ഫേസ്ബുക്കില്‍ പുള്ളി അതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് ഇത്രയ്ക്ക് വലിയ പണി ആകും എന്ന് പുള്ളി സ്വപ്നത്തില്‍പ്പോലും വിചാരിച്ചു കാണില്ല.

പുടിന്റെ ഫേസ്ബുക്ക് പേജില്‍ നന്ദിയറിയിച്ച് ആണ് മലയാളിപ്പട എത്തിയിരിക്കുന്നത്. വാക്‌സിന്‍ കുറച്ച് ഇന്ത്യയിലോട്ട് അയയ്ക്കണമെന്നും കാശ് തവണകളായി തരാമെന്നും എന്തെങ്കിലും ഡിസ്‌ക്കൗണ്ട് കിട്ടിയാല്‍ കൊള്ളാമെന്നുമാണ് ഒരു വിരുതന്റെ അഭിപ്രായം. ‘ഇത് ഞങ്ങടെ പതഞ്ജലി റെസിപ്പി കട്ടതല്ലേ’ എന്നാണ് ഒരാള്‍ക്ക് അറിയേണ്ടത്. ഇതിനിടയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്ററില്‍ പോയി റഷ്യന്‍ ഭാഷയിലേക്ക് മാറ്റിയതിനു ശേഷം കമന്റ് എഴുതി മറ്റൊരു മിടുക്കന്‍. അതിനു താഴെ,’ ഓലിക്കും കൂടെ തിരിഞ്ഞോട്ടെ’ എന്ന് മംഗ്ലീഷിലും.

റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിന്‍ദേവാണ് അറിയിച്ചത്. തന്റെ മകളില്‍ വാക്‌സിന്‍ പരിശോധിച്ചു എന്ന് പുടിന്‍ വെളിപ്പെടുത്തിയിരുന്നു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുര്‍ദെന്‍കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയില്‍ വാക്സിന്‍ ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി.

വാക്സിന് മറ്റ് പാര്‍ശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അതിസങ്കീര്‍ണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്സിനുകളില്‍ റഷ്യന്‍ വാക്സിന്‍ ഇടംനേടിയിട്ടില്ല. ഈ ആറ് വാക്സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്. അതുകൊണ്ട് തന്നെ റഷ്യന്‍ ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.