കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പ്രസിഡന്റ് പുടിന്‍
ലോകത്തിനു പ്രതീക്ഷ ഏകി ആദ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പൂടിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് റഷ്യ ജനങ്ങള്‍ക്ക് നല്‍കുവാനായി അനുമതി നല്‍കിയിരിക്കുന്നത്. തന്റെ മകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും പൂടിന്‍ അറിയിച്ചു. ”ഇന്നു രാവിലെ ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തു” – മന്ത്രമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പുടിന്‍ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായകമായ കാല്‍വയ്പ്പാണ് ഇതെന്ന് പൂടിന്‍ അഭിപ്രായപ്പെട്ടു.
വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പുടിന്‍ നന്ദി അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ വാക്‌സിന്‍ വ്യാപകമായി ഉല്‍പാദിപ്പിച്ചുതുടങ്ങുമെന്ന പ്രതീക്ഷയും പുടിന്‍ പങ്കുവെച്ചു. ”ഇത് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്ക് അറിയാം, അതിശക്തമായ പ്രതിരോധശേഷി ഇത് നല്‍കും, ഞാന്‍ വീണ്ടും ആവര്‍ത്തിച്ചുപറയുന്നു. എല്ലാ പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്”- പുടിന്‍ പറഞ്ഞു.
ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂര്‍ത്തിയായ ശേഷമാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പൂടിന്‍ പറയുന്നത്. ജൂണ്‍ 18നാണ് റഷ്യ വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയര്‍മാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്‌സിന്‍ പുറത്തിറക്കുന്നതെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത് എന്നാല്‍ ഫലപ്രദമായ വാക്‌സിനാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നു. എന്ത് തന്നെയായാലും ലോകത്തിനു പ്രതീക്ഷ നല്‍കുന്ന ഒന്നായി മാറിയിരിക്കുകയാണ് റഷ്യയുടെ കണ്ടുപിടിത്തം.