ബംഗളുരു കലാപം : SDPI നേതാവ് അറസ്റ്റില്‍
ബംഗളുരുവില്‍ പൊലീസ് വെടിവയ്പ്പിനും മൂന്നുപേരുടെ മരണത്തിനും ഇടയാക്കിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റിലായി. പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ നടത്തിയ വിദ്വേഷ പോസ്റ്റിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ എംഎല്‍എയുടെ വീട് ഉള്‍പ്പടെ കലാപകാരികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു.
സംഘര്‍ഷം നിയന്ത്രണാതീതമായതോടെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. അറുപതോളം പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ ഇതുവരെ നൂറിലേറെ പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടയാക്കിയ ഫേസ്ബുക്ക് പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധുവായ ആളും അറസ്റ്റിലായിട്ടുണ്ട്. സംഘര്‍ഷം എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് കര്‍ണാടകയിലെ ഭരണപക്ഷം ആരോപിക്കുന്നു.
സംര്‍ഘഷത്തിനിടെ പതിനഞ്ചോളം വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായാണ് അക്രസംഭവങ്ങള്‍ അരങ്ങേറിയത്. ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളില്‍വെച്ചാണ് ആള്‍ക്കൂട്ടം പൊലീസിനെ ആക്രമിച്ചത്. അക്രമം വ്യാപിച്ചതോടെ വിപുലമായ പൊലീസ് സന്നാഹത്തെ പ്രദേശങ്ങളില്‍ വിന്യസിച്ചു. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.