അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാന്‍ തയ്യറായി തമിഴ്നാട്ടുകാരി കമല
ഇന്ത്യന്‍ വംശജയായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ട്വീറ്റിലാണ് ജോ ബൈഡന്‍ പ്രഖ്യാപനം നടത്തിയത്. അമ്പത്തിയഞ്ചുകാരിയായ കമല ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖരില്‍ ഒരാള്‍ കൂടിയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് കമലയുടെ പേര് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ യുഎസിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് കൂടിയായിരിക്കും കമല ഹാരിസ്.
ഡെമോക്രാറ്റിക്ക് പാര്‍ട്ടി വേദികളില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ കടുത്ത വിമര്‍ശകയായിരുന്ന കമല ഹാരിസ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ കറുത്ത വംശജയായ സ്ത്രീകൂടിയാണ് കമല ഹാരിസ്. അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന നാലാമത്തെ വനിതയാണിവര്‍. ജോ ബെഡനേക്കാള്‍ ഊര്‍ജസ്വലമായ പ്രചരണ ശൈലിയാണ് കമല ഹാരിസിനെ വ്യത്യസ്തയാക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ വ്യക്തിത്വവും കുടുംബ പശ്ചാത്തലവും പലരിലും പ്രചോദനമുളവാക്കുന്നതാണ്.
ഞാനെന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ കമല ഹാരിസിനെ തെരഞ്ഞെടുക്കുന്നു എന്ന ബൈഡന്റെ പ്രഖ്യാപനം പലരെയും ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു. ഞങ്ങളൊരുമിച്ചാണ് ട്രംപിനെ തോല്‍പ്പിക്കാന്‍ പോകുന്നതെന്നും ജോ ബെഡന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് വിജയം കൈവരിക്കാന്‍ സാധിച്ചാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിയാകും കമല ഹാരിസെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രായോഗിക തലത്തിലുള്ള നേതൃത്വ ശേഷിയാണ് കമല ഹാരിസിനെ വ്യത്യസ്തയാക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് കമല ഹാരിസെന്നും വിലയിരുത്തലുകളുണ്ട്. കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലുമുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
വളരെ ശക്തമായ ഇന്ത്യന്‍ ബന്ധമാണ് കമല ഹാരിസിന് ഉള്ളത്. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ ചെന്നൈയിലാണ് ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് ശ്യാമള ഗോപാലന്‍ ബിരുദം സ്വന്തമാക്കിയത്. തുടര്‍ന്ന്, ന്യൂട്രീഷ്യന്‍ ആന്‍ഡ് എന്‍ഡോക്രൈനോളജി വിഷയത്തില്‍ യുസി ബെര്‍ക്ക്ലിയില്‍ നിന്ന് പിഎച്ച്ഡി നേടി. സ്തനാര്‍ബുദ ഗവേഷകയായ അവര്‍ 2009ലാണ് മരിച്ചത്. അതേസമയം, ലോകത്തില്‍ തന്നെ തനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തി മുത്തച്ഛനായിരുന്ന പി.വി ഗോപാലന്‍ ആയിരുന്നെന്ന് കമല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചെന്നൈയിലെ ബസന്ത് നഗര്‍ ബീച്ചില്‍ മുത്തച്ഛനോടൊപ്പം ചെലവഴിച്ച സമയങ്ങളും കമല ഓര്‍ത്തെടുക്കാറുണ്ട്.
തന്റെ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കുന്നതില്‍ അമ്മയായ ശ്യാമള ഗോപാലന്‍ വഹിച്ച പങ്കിനെക്കുറിച്ച് കമല ഹാരിസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു പ്രചോദനം എന്നതിനേക്കാള്‍ ഉപരി അമ്മയായിരുന്നു തന്റെ ‘സൂപ്പര്‍ ഹീറോ’ എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.