ഡോക്ടര്‍ അവധിയില്‍ ഗര്‍ഭിണിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത് സ്ഥലം എം എല്‍ എ

മിസോറമില്‍ ആണ്  സംഭവം . രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന Z R ധിയാമസംഗ. ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി. ലാല്‍മംഗായ്സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എം.എല്‍.എ. രക്ഷകനായത്. ലാല്‍മംഗായ്സാങിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.

ഏകദേശം 200 കിലോമീറ്ററോളം അകലെയുള്ള ഐസ്വാളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയിലായിരുന്നില്ല യുവതി. ലാല്‍മംഗായ്സാങിയുടെ അവസ്ഥ അറിഞ്ഞ ഉടന്‍ ചാഫായി ആശുപത്രിയില്‍ എത്തിയ ധിയാമസംഗ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്. ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.

മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പം, കൊറോണ സാഹചര്യം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപത്തെ വടക്കന്‍ ചാംഫായില്‍ ധിയാമസംഗ എത്തിയത്. അവിടെവച്ചാണ് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയുടെ കാര്യം ഇദ്ദേഹം അറിഞ്ഞത്. ചാംഫായി ആശുപത്രിയിലെ ഡോക്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലുമായിരുന്നു. കൂടാതെ, കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാനും കഴിയാത്ത അവസ്ഥയിലായിരുന്നു.

യുവതിയുടെ ഭാഗ്യം കൊണ്ടാണ് താന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നും തന്റെ കടമ മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഒബ്സ്ട്രെിക്സ്- ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ, നിയമസഭാംഗമായതിനു പിന്നാലെയാണ് മുഴുവന്‍ സമയ ഡോക്ടര്‍ ജോലിയോട് വിട പറഞ്ഞത്. 30 വര്‍ഷത്തെ സേവന പരിചയം അദ്ദേഹത്തിന് ഉണ്ട് ഇദ്ദേഹത്തിന്.