മഴയത്ത് മാന്‍ഹോളിന് കാവല്‍ നിന്ന സ്ത്രീയാണ് താരം
വെള്ളത്താല്‍ മൂടപ്പെട്ട റോഡില്‍ മാന്‍ഹോളിനടുത്ത് മറ്റുള്ളവര്‍ക്ക് സഹായമായി മഴയത്ത് നിന്ന് മുന്നറിയിപ്പ് നല്‍കിയ ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓഗസ്റ്റ് നാലിന് മുംബൈയില്‍ അമിതമായ മഴ ലഭിച്ചതിനെ തുടര്‍ന്ന് റോഡുകള്‍ പെട്ടെന്ന് തന്നെ വെള്ളത്തിനടിയിലായി. ഇതോടെ വഴിയുടെ നടുക്കുള്ള മാന്‍ഹോള്‍ തുറന്നു. എന്നാല്‍ ഈ തുറന്ന മാന്‍ഹോളില്‍ വീണ് ആര്‍ക്കും അപകടം ഉണ്ടാവാതിരിക്കാന്‍ 55 വയസുള്ള ഈ സ്ത്രീ എട്ട് മണിക്കൂറോളം നിന്ന് ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. മാന്‍ഹോളിനടുത്ത് നിന്ന് വാഹനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ കാന്ത മാരുതിയാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്. ഒരു വഴിയോര പൂ വില്‍പ്പനക്കാരിയാണ്. 55 കാരിയായ കാന്ത മാരുതി.
റോഡുകള്‍ വെള്ളത്തിനടിയില്‍ അപ്രത്യക്ഷമായതിനാല്‍ തങ്ങളുടെ വീട്ടിലും വെള്ളപ്പൊക്കമുണ്ടായതായി കാന്ത പറയുന്നു. എന്നിരുന്നാലും, വെള്ളം വേഗത്തില്‍ കുറയുന്നുവെന്ന് ഉറപ്പുവരുത്താന്‍ താന്‍ ഒരു മാന്‍ഹോള്‍ തുറന്ന് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി അരികില്‍ നിന്നു.
കട്ടിയുള്ള തുണികൊണ്ടാണ് അവര്‍ മാന്‍ഹോള്‍ കവര്‍ തുറന്നത്. കവര്‍ തുറക്കാന്‍ ഒരു ബൈക്ക് യാത്രക്കാരനും അവരെ സഹായിച്ചു. 2017 ലെ ദുരന്തത്തിന്റെ ഓര്‍മ കാരണമാണ് താന്‍ അവിടെ നിന്ന് മാറാതിരുന്നത് എന്ന് കാന്ത പറയുന്നു.
അന്ന് വെള്ളം പുറന്തള്ളാന്‍ മാന്‍ഹോള്‍ കവര്‍ നീക്കം ചെയ്തപ്പോള്‍ ഡോ.ദീപക് അമരപുര്‍കര്‍ അതില്‍ പെട്ട് മുങ്ങിമരിച്ചിരുന്നു. വോര്‍ലിയിലെ കടലിനടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറ് മണിക്ക് ലിഡ് നീക്കം ചെയ്യുകയും കാന്ത അവിടെ മഴയിലും വെള്ളം നിറഞ്ഞ റോഡിലും ഒരു മണിവരെ നില്‍ക്കുകയും ചെയ്തു.
പോലീസുകാര്‍ തന്നെ അഭിനന്ദിച്ചുവെന്നും വഴിയാത്രക്കാര്‍ പോലും അഭിവാദ്യം ചെയ്തുവെന്നും കാന്ത പറയുന്നു എന്നാല്‍ മാന്‍ഹോള്‍ കവര്‍ നീക്കം ചെയ്തതിന് ബിഎംസി ഉദ്യോഗസ്ഥര്‍ അവളെ ശകാരിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ബിഎംസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെള്ളം നീക്കംചെയ്യാന്‍ സഹായിക്കുന്നതിനായി കാന്ത കാത്തിരുന്നുവെങ്കിലും അടുത്ത ദിവസം വരെ ആരും എത്തിയില്ലെന്ന് അവര്‍ പറഞ്ഞു. കാന്ത ആ മാന്‍ഹോള്‍ കവര്‍ നീക്കം ചെയ്തില്ലെങ്കില്‍ റോഡ് വളരെനേരം വെള്ളപ്പൊക്കത്തില്‍ തുടരുമെന്ന് പ്രദേശവാസികള്‍ പോലും സമ്മതിക്കുന്നു.