വിയന്ന ഉള്‍പ്പെടെ യൂറോപ്പിലെ അഞ്ച് ഓഫിസുകള്‍ എയര്‍ ഇന്ത്യ അടക്കുന്നു

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ യൂറോപ്പിലെ അഞ്ച് ഓഫിസുകള്‍ അടച്ചിടാനൊരുങ്ങുന്നു. കോവിഡ് 19നെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തീരുമാനം. വിയന്ന, മിലാന്‍, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്‌റ്റോക്ക് ഹോം എന്നിവിടങ്ങളിലെ ഓഫിസുകളാണ് അടക്കുക. കൊവിഡ് ഭീതി ഒഴിഞ്ഞ് വിമാന സര്‍വീസുകള്‍ ആരംഭിച്ചാലും എയര്‍ ഇന്ത്യ ഈ വ്യോമത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തില്ല.

നേരത്തേ നിരവധി ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി എയര്‍ ഇന്ത്യ നല്‍കിയിരുന്നു. കൂടാതെ 180 ട്രെയിനി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. സ്റ്റേഷനുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും അന്താരാഷ്ട്ര ബുക്കിങ് ഓഫീസുകള്‍ അടയ്ക്കാനും നിര്‍ദ്ദേശം നല്‍കി.

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ രാജ്യത്തെ വ്യോമഗതാഗത മേഖല കനത്ത നഷ്ടം നേരിട്ടിരുന്നു. യാത്രാവിലക്കിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ഇതേതുടര്‍ന്ന് മിക്ക വിമാനകമ്പനികളും ചെലവ ചുരുക്കലിലേക്ക് കടന്നിരുന്നു.

ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര താവളങ്ങളിലെ സ്റ്റേഷനുകള്‍ നിലനിര്‍ത്തുന്നത് വലിയ ബാധ്യതയായി തീര്‍ന്നു. ഉടന്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചാലും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം. ആകെ 60 ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.