സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

ഇന്ന് മൂന്ന് മരണമാണ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഏഴിന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ഓഗസ്റ്റ് എട്ടിന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ഓഗസ്റ്റ് 10 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച്, മലപ്പുറം ജില്ലയിലെ നാല്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ രണ്ട് വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ അഞ്ച് ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.