റംസാന്‍ കിറ്റ് വിതരണം : കെ ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്

റംസാന്‍ ഭക്ഷ്യകിറ്റ് വിതരവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ഈ മാസം 27ന് മുമ്പ് മറുപടി നല്‍കണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ. എം രോഹിത് , റിങ്കു പടിപ്പുരയില്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി. യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നോട്ടീസ്.

വിദേശ രാജ്യത്ത് നിന്ന് സഹായങ്ങള്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ജലീല്‍ ലംഘിച്ചുവെന്നാണ് പരാതി. സ്വന്തം മണ്ഡലത്തിലെ ഇഷ്ടക്കാര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തത് സ്വജനപക്ഷപാദമാണെന്നും ലോകായുക്തക്ക് നല്‍കിയ പരാതിയിലുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവരുടെതാണ് ഉത്തരവ്.

നയതന്ത്ര പാഴ്‌സല്‍ വരുമ്പോഴുള്ള നടപടിക്രമങ്ങളുടെ രേഖ എന്‍ ഐ എയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി പ്രോട്ടോക്കോള്‍ അനുമതിയോടെ എത്തിയ പാഴ്‌സലുകളുടെ വിവരവും അനുമതി ലഭിക്കാതെ എത്തിച്ച പാഴ്‌സലുകളുടെ വിവരവുമാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. വാട്‌സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സഹായം സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബി ജെ പി യുടെ വാദം.