നിക്കി ഗല്‍റാണിയ്ക്ക് കോവിഡ്, രോഗം ഭേദമായി വരികയാണെന്ന് നടി
പ്രമുഖ നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ വാരമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനില ഭേദപ്പെട്ട് വരുന്നുണ്ടെന്നു താരം തന്നെയാണ് അറിയിച്ചത്. ‘കഴിഞ്ഞ ആഴ്ച്ച പരിശോധനയില്‍ എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു ഭേദപ്പെട്ടു വരുന്നു. ഇപ്പോള്‍ നല്ല സുഖം തോന്നുന്നു. എന്നെ ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശങ്ങള്‍ തന്നു പിന്തുണച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു’, നിക്കി ട്വീറ്റില്‍ കുറിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റീന് നിര്‍ദേശങ്ങള്‍ താന്‍ പാലിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വന്നേക്കുമോ എന്ന് ഭയപ്പെട്ടി രുന്നതായും നിക്കി സൂചിപ്പിച്ചു. ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണമെന്നും നടി പറയുന്നു. വീടുകളില്‍ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകള്‍ അനുസരിച്ചേ മതിയാകൂവെന്നും നടി പറഞ്ഞു. അടുത്തകാലത്താണ് താരം വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.