വിദേശ യാത്രകളില്‍ സ്വപ്ന ; മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് സുരേന്ദ്രന്‍

വിദേശ യാത്രകളില്‍ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വപ്ന ഏതൊക്കെ കാര്യങ്ങളിലാണ് വിദേശരാജ്യങ്ങളില്‍ ഇടനിലക്കാരിയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞാലേ പറ്റുവെന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു.വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരന്‍ തന്നെ സമ്മതിക്കുന്നുവെന്നും സര്‍ക്കാരിന്റെ പ്രോജക്റ്റില്‍ ഇത്തരം കള്ളക്കടത്തുക്കാര്‍ക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൂടാതെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്ന ഗള്‍ഫില്‍പോയതെങ്കില്‍ കൈക്കൂലി കിട്ടിയ വിവരവും കമ്മീഷന്‍ കിട്ടിയതുമൊക്കെ എങ്ങനെ അറിയാതെ പോകുന്നതെന്നും സ്വപ്ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശ നടത്തിയെന്നും അതിന് എന്ത് അധികാരമാണ് അവര്‍ക്കുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ദിവസങ്ങള്‍ നീങ്ങുന്തോറും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം കൂടുതലായി തെളിഞ്ഞു വരുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസും എന്‍ഐഎയും നോട്ടീസ് അയച്ചതോടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞു വരികയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 2018ല്‍ ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തിയ പ്രോട്ടോകോള്‍ ഓഫീസറെ ചീഫ് ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫീസറാക്കി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഷൈന്‍ ഹഖ് എന്ന സിപിഎമ്മിന്റെ സ്വന്തക്കാരനായ ഇയാളാണ് കസ്റ്റംസ് ക്ലിയറന്‍സില്‍ ഒപ്പുവെച്ചത്. പുതിയ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ സുനില്‍കുമാര്‍ അല്ല ഹഖ് ആണ് കസ്റ്റംസ് ക്ലിയറന്‍സില്‍ ഒപ്പുവെച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്താനുള്ള അധികാരം കെ.ടി ജലീലിനില്ല. വാട്‌സാപ്പ് നയതന്ത്രം നടത്തിയ ജലീല്‍ രാജ്യത്തിന്റെ നിയമം ലംഘിക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാനുള്ള അധികാരം രാജ്യത്ത് ഇല്ലെന്നിരിക്കെ ജലീലിന്റേത് നഗ്‌നമായ ചട്ടലംഘനമാണെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.