സ്വപ്ന മാറിയത് കോണ്‍സുലേറ്റ് കേരള സര്‍ക്കാരിനെ അറിയിച്ചില്ല

സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ അനധികൃത ഇടപാടുകള്‍ക്ക് വഴിവച്ചത് യു എ ഇ കോണ്‍സുലേറ്റിന്റെ ഗുരുതര വീഴ്ച. സ്വപ്ന സുരേഷ് കോണ്‍സുലേറ്റില്‍ നിന്ന് മാറിയ വിവരം ഇതുവരെ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. ഇതു മുതലെടുത്താണ് സ്വപ്ന സുരേഷ് തട്ടിപ്പുകള്‍ നടത്തിയത്.

ലോക്ക് ഡൗണ്‍ കാലത്തും കോണ്‍സുലേറ്റിന് വേണ്ടി സര്‍ക്കാരിന് കത്ത് നല്‍കിയത് സ്വപ്നയായിരുന്നു. സംസ്ഥാനം ലോക്ക് ഡൗണിലാണെന്ന വിവരം ഔദ്യോഗികമായി അറിയിക്കാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 23നാണ് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന് സ്വപ്ന കത്ത് നല്‍കിയത്.

സംസ്ഥാനം ലോക് ഡൗണിലാണെന്ന വിവരം ഔദ്യോഗികമായി കോണ്‍സല്‍ ജനറലിനെ അറിയിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സല്‍ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ചായിരുന്നു കത്ത്. ഈ സമയം സ്വപ്ന സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിലും ജോലി ചെയ്തിരുന്നു.ഇക്കാര്യം സര്‍ക്കാരും അറിഞ്ഞില്ലെന്നു നടിച്ചു.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ മാറിയാല്‍ ഉടന്‍ ആ വിവരം സര്‍ക്കാരിനെ അറിയിക്കണമെന്ന ചട്ടം യുഎഇ കോണ്‍സുലേറ്റ് ലംഘിക്കുന്നത് ഇതാദ്യമല്ല. പി ആര്‍ ഒ സ്ഥാനത്തുനിന്ന് സരിത് മാറിയത് അറിയിച്ചത് ആറു മാസങ്ങള്‍ക്കു ശേഷമായിരുന്നു. സരിത് രാജിവച്ചത് 2019 സെപ്തംബര്‍ മൂന്നിനാണ്. സര്‍ക്കാരിനെ അറിയിച്ചത് 2020 ഏപ്രില്‍ 20നും.