മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. മറ്റ് മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്‍തന്നെ പുറത്തുവരും. എന്നിരുന്നാലും നിലവില്‍ നിരീക്ഷണത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകാനും കൊവിഡ് പരിശോധന നടത്താനും തീരുമാനമായത്.

കൊവിഡ് ബാധിതനായ മലപ്പുറം ജില്ലാകളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും സ്വയംനിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും സ്വയംനിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും കരിപ്പൂരിലെത്തിയിരുന്നെങ്കിലും നിരീക്ഷണത്തില്‍ പോയിട്ടില്ല.

കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു.അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായത്.