കാസര്‍കോട് കൊലപാതകം: കൊല ആസൂത്രണം ചെയ്തത് സ്മാര്‍ട്ട് ഫോണിലൂടെ ; ഐസ്‌ക്രീമിന്റെ ബാക്കി വളര്‍ത്തുപട്ടിക്ക് നല്‍കാന്‍ വിസമ്മതിച്ചു

കാസര്‍കോട് ബളാലില്‍ പതിനാറുകാരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഓലിക്കല്‍ ആല്‍ബിന്‍ കൊലപാതകം ആസൂത്രണം ചെയ്തത് ഒരാഴ്ച മുന്‍പ് അച്ഛന്‍ വാങ്ങി നല്‍കിയ സ്മാര്‍ട്ട് ഫോണിലൂടെയായിരുന്നു.
16,000 രൂപയുടെ ഫോണ്‍ അച്ഛന്‍ ആല്‍ബിന് സമ്മാനിച്ചത് സംഭവത്തിന് ഒരാഴ്ച മുന്‍പാണ്. നേരത്തെയും ആല്‍ബിന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ പാളിപ്പോയി. തുടര്‍ന്ന് ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ അന്വേഷിച്ച് പഠിച്ചു. അച്ഛന്‍ വാങ്ങിയ മൊബൈല്‍ ഫോണിലെ നെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ അന്വേഷിച്ച് പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച് കൊല നടത്തിയത്.

ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിയോടെയാണ് ആന്‍മേരി മരണപെട്ടത്.കൃത്യം നടത്തിയതിനുശേഷം ബാക്കി വന്ന ഐസ്‌ക്രീം വളര്‍ത്തു പട്ടിക്ക് നല്‍കാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും ആല്‍ബിന്‍ തയ്യാറായിരുന്നില്ല. ആരുമറിയാതെ ഐസ്‌ക്രീം നശിപ്പിച്ചുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഐസ്‌ക്രീം നല്‍കിയിരുന്നെങ്കില്‍ പട്ടിയും കൊല്ലപ്പെടുമായിരുന്നു. എങ്കില്‍ സംശയമുന തന്നിലേക്ക് നീളുമെന്ന് ആല്‍ബിന് അറിയാമായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ആല്‍ബിന്‍ ശാരീരിക അസ്വസ്ഥ്യത നടിച്ചു. അടിക്കടി ആശുപത്രിയില്‍ ചികിത്സതേടിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതൊക്കെ ക്രിമിനല്‍ ബുദ്ധിക്ക് തെളിവാണെന്നാണ് പൊലീസ് കരുതുന്നത്.

രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്‌ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരിക്ക് വിദഗ്ധ ചികിത്സ കിട്ടിയില്ല. ആന്‍ മേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛന്‍ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതില്‍ മകന്‍ മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആല്‍ബിന്‍ മനസില്‍ തയാറാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ നിരവധി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. വാട്ട്സാപില്‍ ചാറ്റ് ചെയ്തവരിലേറെയും യുവതികളാണ്. അതേസമയം താന്‍ ഒറ്റക്കാണ് കൊലപാതകം ആസൂത്രണം നടത്തിയതെന്നാണ് ആല്‍ബിന്റെ കുറ്റസമ്മതം. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കാമുകിക്ക് കൊലപാതകത്തേപ്പറ്റി അറിയാമോയെന്ന് വ്യക്തമല്ലെന്നുമാണ് മൊഴി.കോഴിക്കോട് സ്വദേശിയായ കാമുകിയെ സാക്ഷിയാക്കാനാണ് പൊലീസിന്റെ തീരുമാനം.

മാതാവിനെയും പിതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി കുടുംബസ്വത്ത് കൈക്കലാക്കി വില്‍ക്കുക എന്നതായിരുന്നു കൊലപാതകിയുടെ ലക്ഷ്യമെന്നാണ് കണ്ടെത്തല്‍. നാലേക്കര്‍ ഭൂമിയാണ് കുടുംബ സ്വത്ത്. ഇത് വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതമായിരുന്നു പ്രതിയുടെ കണക്ക് കൂട്ടല്‍.