മത്തായിയുടെ മരണം : വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു
പത്തനംതിട്ട : ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഗ്രഹനാഥന്‍ മരിച്ച കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
ജൂലൈ 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ സ്വദേശി മത്തായി കിണറ്റില്‍ വീണ് മരിച്ചത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍, നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിനപ്പുറം കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മുഴുവന്‍ ശിക്ഷിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും മത്തായിയുടെ കുടുംബം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മത്തായിയുടെ മൃതദേഹം 17 ദിവസമായി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.