ടിക്ക്‌ടോക്കിനെ റിലയന്‍സ് വാങ്ങുമോ…?
ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക്ക്‌ടോക്കിനെ റിലയന്‍സ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടിക്ക്‌ടോക്കില്‍ നിക്ഷേപത്തിനായി ഇവര്‍ മുകേഷ് അംബാനിയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ടിക്ക്‌ടോക്ക് സി.ഇ.ഒ കെവിന്‍ മേയര്‍ റിലയന്‍സ് സിഇഒ മുകേഷ് അംബാനിയുമായി ചര്‍ച്ച നടത്തിയെന്നും 5 ബില്ല്യണ്‍ രൂപയ്ക്ക് ടിക്ക്ടോക്ക് വാങ്ങാന്‍ ധാരണയായി എന്നുമാണ് റിപ്പോര്‍ട്ട്.
ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ ആപ്പ് നിരോധിച്ചത് ടിക്ക്‌ടോക്കിന് കനത്ത തിരിച്ചടി ആയിരുന്നു. ഇന്ത്യക്ക് പിന്നാലെ അമേരിക്ക കൂടി നിരോധിക്കാന്‍ തീരുമാനിച്ചതോടെ ടിക്ക്‌ടോക്കിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെയായി. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് തിരിച്ചുകയറാന്‍ ടിക്ക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് റിലയന്‍സിനെ സമീപിച്ചത്. നേരത്തെ, മൈക്രോസോഫ്റ്റിനെയും ബറ്റ്ഡാന്‍സ് സമീപിച്ചിരുന്നു എങ്കിലും നീക്കം പരാജയപ്പെട്ടു. ഇതോടെ ആപ്പിന്റെ നില പരുങ്ങലിലാണ്.
ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.
ലോകത്തെ ടിക്ക്‌ടോക്ക് ഉപഭോക്താക്കളില്‍ 30.3 ശതമാനം ഇന്ത്യയിലായിരുന്നു. ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്ടോക്ക്. അതേസമയം ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും തീരുമാനമൊന്നും ആയിട്ടില്ലെന്നും മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നുണ്ട്. ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.