സൗദിയില്‍ മരിച്ച ഇന്ത്യക്കാര്‍ 613 ; 87,000 പേര്‍ നാട്ടിലേക്ക് മടങ്ങി ; അര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 613 ഇന്ത്യാക്കാര്‍ എന്ന് അംബാസിഡര്‍. വന്ദേഭാരത് മിഷന്‍ വഴി രജിസ്റ്റര്‍ ചെയ്തവരില്‍ ഏണ്‍പത്തി ഏഴായിരം പേര്‍ നാടണഞ്ഞതായും എംബസി അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടവരാണെന്നും അംബാസിഡര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇരുപത്തിയാറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൌദിയിലുള്ളത്. ഇതില്‍ നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആകെ ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം പേര്‍ മാത്രമാണ്. ഇതില്‍ 32 ശതമാനം പേര്‍, അതായത് അര ലക്ഷത്തോളം പേര്‍ ജോലി നഷ്ടപ്പെട്ടവരാണ്. ആകെ 87,000 പേരെ ഇതുവരെ നാട്ടിലെത്തിച്ചു. ഇനിയും പകുതിയോളം പേര്‍ തിരിച്ചു പോകാനുണ്ട്. വന്ദേഭാരതും ചാര്‍ട്ടേഡും അടക്കം 480 വിമാനങ്ങളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്. നാട്ടില്‍ കുടുങ്ങിയവരില്‍ മടങ്ങിയെത്തുവാന്‍ ആരോഗ്യ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നു.

613 പേര്‍ ഇതുവരെ സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാന്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നും ചോദ്യത്തിന് മറുപടിയായി അംബാസിഡര്‍ പറഞ്ഞു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഹുറൂബ്, ഇഖാമ കാലാവധി കഴിഞ്ഞ കേസുകളില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നുണ്ട്. ഇതുവരെ മുവ്വായിരത്തി അഞ്ഞൂറിലേറെ പേരെ നാട്ടിലെത്തിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ തടസ്സപ്പെട്ട വിഎഫ്എസ് സെന്ററുകളിലെ സേവനം പുനരാരംഭിച്ചിട്ടുണ്ട്. സാധാരണ നിലയിലേക്ക് സേവനങ്ങള്‍ എത്തുന്നുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സേവനങ്ങളും സാധാരണ നിലയിലാകും. ഫീസിനേക്കാള്‍ കൂടുതല്‍ പണം ഈടാക്കുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും അംബാസിഡര്‍ പറഞ്ഞു. സെപ്തംബര്‍ ഒന്ന് മുതല്‍ തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വഴി ഫീസിളവ് നല്‍കുമെന്നും അംബാസിഡര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളുകളില്‍ മാനേജര്‍മാര്‍ സൌദികളാകണം എന്നുള്ള പുതിയ സൌദി തീരുമാനം ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ക്ക് ബാധമകല്ല. അത് സംബന്ധിച്ച ഒരു നിര്‍ദേശവും എംബസി സ്‌കൂളുകള്‍ക്ക് ഇല്ല. സൌദി പൌരന്മാര്‍ക്ക് കീഴിലുള്ള അന്താരാഷ്ട്ര സ്‌കുളുകള്‍ക്കാണ് ഇത് ബാധകം.