എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എം. ശിവശങ്കര്‍ ; ചോദ്യം ചെയ്യല്‍ ആരംഭിച്ചു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം.ശിവശങ്കറിനോട് ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കൊച്ചിയിലെ ഓഫീസിലെത്തിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ നല്‍കിയ മറുപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ള പ്രതികള്‍ക്കൊപ്പം ഇരുത്തിയാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. ഇ.ഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ വെള്ളിയാഴ്ച നാല് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് അന്‍വര്‍ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, കോഴിക്കോട് സ്വദേശി സംജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് കസ്റ്റംസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.
ഇതോടെ എന്‍.ഐ.എ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തും കോഴിക്കോടും പ്രതികളുടെ വീട് ഉള്‍പ്പടെ ആറ് സ്ഥലത്ത് എന്‍.ഐ.എ.റെയ്ഡ് നടത്തി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
ഇപ്പോള്‍ വിദേശത്ത് കഴിയുന്ന ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 21 പ്രാവശ്യം ഇവര്‍ സ്വര്‍ണം കടത്തിയെന്നാണ് എന്‍.ഐ.എ.യുടെ നിഗമനം. അവസാന രണ്ട് തവണ മാത്രമാണ് ഫൈസല്‍ ഫരിദ് സ്വന്തം മേല്‍വിലാസത്തില്‍ നിന്ന് സ്വര്‍ണ്ണം അയച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരങ്ങള്‍.