കര്‍ണാടകയിലേക്ക് ഓണം സ്‌പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

ഓണം പ്രമാണിച്ചു കര്‍ണാടകയിലേക്ക് സ്പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. കോവിഡ് മാനദണ്ഡം പാലിച്ചാണ് റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ബെംഗളുരൂ, മൈസൂരു എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമായിരിക്കും സര്‍വീസ്. കോഴിക്കോട് വഴിയും പാലക്കാട് വഴിയും സര്‍വീസുണ്ടാകും. 10 ശതമാനം അധിക നിരക്കും END to END ചാര്‍ജും യാത്രക്കാരില്‍ നിന്നും ഈടാക്കും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇന്ന് തുടങ്ങി. ഇത്തരത്തില്‍ പത്ത് ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌പെഷല്‍ സര്‍വീസില്‍ യാത്രാനുമതി ലഭിക്കണമെങ്കില്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് ഹാജരാക്കണം. ആരോഗ്യസേതു ആപ്പും യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്യണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. മതിയായ യാത്രക്കാര്‍ ഇല്ലാതെ ഏതെങ്കിലും സര്‍വീസുകള്‍ റദ്ദാക്കുകയോ സര്‍വീസുകള്‍ക്ക് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അനുമതി നിഷേധിക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും കെ.എസ്.ആര്‍.ടി.സി റീഫണ്ട് ചെയ്യും.