രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വി.ടി. ബല്‍റാം ഇടം നേടി

രാജ്യത്തെ മികച്ച 50 എം.എല്‍.എമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃത്താല നിയമസഭാംഗം വി.ടി ബല്‍റാമും ഇടംനേടി. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിന്‍ നടത്തിയ സര്‍വെയിലാണ് ബല്‍റാമും ഇടംനേടിയത്. രാജ്യത്തെ 3958 എംഎല്‍എമാരില്‍ നിന്നും 50 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വി.ടി.ബല്‍റാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം, പ്രവര്‍ത്തനശൈലി, സാമൂഹിക ഇടപെടല്‍, അവതരിപ്പിച്ച ബില്ലുകള്‍, എംഎല്‍എ ഫണ്ട് വിനിയോഗം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്. സര്‍വെയുടെ അവസാന റൗണ്ടില്‍ 150 എംഎല്‍എമാരെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ നിന്നാണ് അവസാനത്തെ 50 പേരില്‍ ബല്‍റാമും ഇടംതേടിയത്. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎല്‍എമാരാണുള്ളത്. ഇതില്‍ 165 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

വിധി നിയമസഭകളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍, പൊതുജനാഭിപ്രായം, മാധ്യമ റിപ്പോര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ ഇടപെടല്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 50 എംഎല്‍എ മാരെ തെരഞ്ഞെടുത്തതെന്നും ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് വ്യക്തമാക്കുന്നു.