രാജ്യത്തെ ഫേസ്ബുക്കും വാട്‌സ്ആപ്പും ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിയന്ത്രണത്തിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നവമാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജ വാര്‍ത്തയും പ്രചരിപ്പിച്ച് വോട്ടര്‍മാരെ ഇവര്‍ സ്വാധീനിക്കുകയാണ്, ബി.ജെ.പി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളില്‍ നടപടി വേണ്ടെന്ന് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്ത പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ബിജെപി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളില്‍ നടപടി വേണ്ടെന്ന് ജീവനക്കാര്‍ക്ക് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ ബിസിനസ് ഇടിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. വിദ്വേഷ പോസ്റ്റിട്ട തെലങ്കാന ബിജെപി എംഎല്‍എ, ടി രാജയുടെ വിഷയത്തില്‍ എഫ്ബി പൊതുനയ വിഭാഗം മേധാവി അങ്കി ദാസ് പക്ഷപാതപരമായി ഇടപെട്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ഥികളായ മുസ്‌ലിംകളെ വെടിവെച്ച് കൊല്ലണം. മുസ്‌ലിം പള്ളികള്‍ ഇടിച്ചുനിരത്തണം എന്നതടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു തെലങ്കാനയിലെ ബിജെപി എംഎല്‍എയായ ടി രാജ സിങ് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നത്. കമ്പനിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് മാത്രമല്ല, ടി രാജയെ അതീവ അപകടകാരിയായെന്ന് പ്രഖ്യാപിക്കണമെന്നും ബന്ധപ്പെട്ട വിഭാഗം നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ വിഷയത്തില്‍ എഫ്ബി ഇന്ത്യയുടെ പൊതുനയ വിഭാഗം മേധാവിയായ അങ്കിദാസ് ഇടപെട്ടു. നടപടി വേണ്ടതില്ലെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കുകയായിരുന്നു എന്ന് രാഹുല്‍ പറയുന്നു.