തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ചു ; ആമിര്‍ഖാനെതിരെ സോഷ്യല്‍ മീഡിയ

തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച ബോളിവുഡ് നടന്‍ ആമിര്‍ഖാനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം.ഇന്ത്യയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന പാകിസ്ഥാന്റെ ആത്മമിത്രമാണ് തുര്‍ക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ആമിറിനെതിരെ വിമര്‍ശനമുയരുന്നത്. ഇസ്താംമ്പൂളില്‍ പ്രസിഡണ്ടിന്റെ വസതിയില്‍ വച്ചായിരുന്നു ആമിര്‍ഖാന്‍ എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. തന്റെ പുതിയ ചിത്രമായ ലാല്‍ സിംഗ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഇസ്തംബൂളിലെത്തിയത്.

ആമിര്‍ഖാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം എമിനെ ഉര്‍ദുഗാനെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകപ്രശസ്തനായ ഇന്ത്യന്‍ നടനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എമിനെ ട്വീറ്റ് ചെയ്തു. ഇതിനൊപ്പം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എമിനെ ഉര്‍ദുഗാനും സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ തന്നെ അവര്‍ അഭിനന്ദിച്ചതായും ആമിര്‍ ഖാന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ തുര്‍ക്കി പ്രഥമ വനിതയുമായി ആമിര്‍ കൂടിക്കാഴ്ച നടത്തിയത് വിവേകശൂന്യമായിപ്പോയെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുര്‍ക്കി ബന്ധം വഷളായത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്ഥാനൊപ്പമാണെന്നും അടുത്തിടെ പ്രിന്റ്.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പ്രത്യേക പദവി ഇല്ലാതാക്കിയതിലൂടെ സാധിച്ചില്ലെന്ന് അടുത്തിടെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവും അഭിപ്രായപ്പെട്ടിരുന്നു.