ശിവശങ്കര്‍ സ്വപ്നയുമൊത്ത് വിദേശയാത്ര നടത്തിയത് മൂന്ന് തവണ

സ്വപ്നയുമൊത്ത് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴി. തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്ന സ്വപ്നയുടെ മൊഴിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എന്‍ഫോഴ്സ്മെന്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2017,2018 ഏപ്രിലിലാണ് ഇരുവരും യുഎഇ സന്ദര്‍ശനം നടത്തിയത്. 2018 ഒക്ടോബറില്‍ യുഎഇ സന്ദര്‍ശം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണത്തിനായിരുന്നു. സ്വര്‍ണ്ണക്കള്ളകടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചത്.

തിരുവന്തപുരത്ത് മറ്റൊരാള്‍ക്കൊപ്പം തുറന്ന ലോക്കര്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്നാണ് സ്വപ്നയുടെ മൊഴി. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. സ്വപ്നയുടെ ഈ ലോക്കറില്‍ നിന്നുമാണ് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെടുത്തത്. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് സ്വപന മൊഴി നല്‍കിയിട്ടുണ്ട്.

സ്വപ്നയുടെ സംശകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗണ്യമായ സ്വാധീനം സ്വപ്നയ്ക്കുണ്ടെന്നും എന്‍ഫോഴ്സ്‌മെന്റ്ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി തീര്‍ന്ന ശേഷം കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും 23 വരെ റിമാന്‍ഡ് ചെയ്തു.