വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ വെട്ടി ഇറച്ചിയാക്കാന്‍ ഉത്തരവ് നല്‍കി ഉത്തര കൊറിയ

ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്ന് ഉത്തര കൊറിയയുടെ ഉത്തരവ്. മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളര്‍ത്തുന്നതെന്ന് ഏകാധിപതി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. ഏതായാലും രാജ്യത്തെ വളര്‍ത്തുപട്ടികളുടെ ഉടമകള്‍ ഇപ്പോള്‍ പേടിയിലാണ് കഴിയുന്നത്. തങ്ങള്‍ ഓമനിച്ചു വളര്‍ത്തുന്ന പട്ടികള്‍ രാജ്യത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കൊല്ലപ്പെടുമോ എന്ന പേടിയിലാണ് ഇവര്‍.

ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ സ്വന്തമാക്കി പരിപാലിക്കുന്നത് നിലവിലെ നിയമത്തിന് എതിരാണെന്ന് കിം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ബൂര്‍ഷ്വ പ്രത്യയശാസ്ത്രത്തിന്റെ ഒരു മോശം പ്രവണതയാണ് വീടുകളില്‍ പട്ടികളെ വളര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘വീട്ടില്‍ പട്ടികളെ വളര്‍ത്തുന്ന ഉടമസ്ഥരെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടികളെ തരാന്‍ ആദ്യം ഉടമസ്ഥരെ നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ നിര്‍ബന്ധമായും പട്ടികളെ പിടിച്ചെടുക്കും’ – ഇതുമായി ബന്ധപ്പെട്ടയാള്‍ ദക്ഷിണ കൊറിയയിലെ ചോസുന്‍ ഇല്‍ബോ പത്രത്തിനോട് വെളിപ്പെടുത്തി. ചില പട്ടികളെ സര്‍ക്കാര്‍ നടത്തുന്ന മൃഗശാലയിലേക്ക് അയയ്ക്കും. മറ്റു ചിലതിനെ റസ്റ്റോറന്റുകളിലേക്ക് ഇറച്ചിയായി നല്‍കും.

അടുത്തിടെ പുറത്തിറങ്ങിയ യു.എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തര കൊറിയയിലെ 25.5 മില്യണ്‍ ആളുകളും അതായത് രാജ്യത്തിന്റെ അറുപതു ശതമാനവും ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പദ്ധതികള്‍ മൂലം ഭരണകൂടത്തിന് മേല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണം.

ഉത്തര കൊറിയയില്‍ മെനുവിലെ പ്രധാനഭക്ഷണമാണ് പട്ടിയിറച്ചി. തലസ്ഥാനമായ പ്യോംങ്യാംഗില്‍ പട്ടിയിറച്ചിക്ക് പ്രശസ്തമായ നിരവധി റസ്റ്റോറന്റുകളുണ്ട്. ചൂടുകാലത്താണ് പട്ടിയിറച്ചിക്ക് ആവശ്യക്കാര്‍ അധികവും. കാരണം, പട്ടിയിറച്ചി സ്റ്റാമിനയും ഊര്‍ജ്ജവും നല്‍കുമെന്നാണ് കരുതുന്നത്. കിം ജോങ് ഉന്നിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി അത് പ്രകടിപ്പിക്കാന്‍ ആരും തയ്യാറായേക്കില്ല.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിരുന്നു. ഉത്തരകൊറിയയ്ക്ക് പ്രധാനമായും ഭക്ഷ്യവസ്തുക്കള്‍ എത്തുന്നത് ബീജിംഗില്‍ നിന്നായിരുന്നു. എന്നാല്‍, അതിര്‍ത്തി അടച്ചതോടെ അത് പ്രതിസന്ധിയിലായി. കൂടാതെ, കഴിഞ്ഞവര്‍ഷം നിരവധി പ്രകൃതിദുരന്തങ്ങളാണ് ഉത്തരകൊറിയയില്‍ ഉണ്ടായത്. ഇത് കൃഷിയെയും വിളവെടുപ്പിനെയും ബാധിച്ചു. ഈ മാസമുണ്ടായ വെള്ളപ്പൊക്കം വീണ്ടും വിളകളെ ബാധിച്ചു. ഒരു ലക്ഷത്തോളം കൃഷിയോഗ്യമായ ഭൂമി വെള്ളത്തില്‍ മുങ്ങി. 17,000 ത്തോളം വീടുകളും 600 ഓളം പൊതു കെട്ടിടങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു.