പരീക്ഷാരീതിയില്‍ പരിഷ്‌കരണം ; ഇനിമുതല്‍ പിഎസ്‌സി പരീക്ഷകള്‍ രണ്ടുഘട്ടം
പിഎസ്‌സി പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടമായിട്ട് നടത്തുവാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. പിഎസ്‌സി ചെയര്‍മാന്‍ എം.കെ സക്കീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേര്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്‌ക്രീനിങ് ടെസ്റ്റാകും. ഇതില്‍ പാസ്സാകുന്ന മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടാം പരീക്ഷ നടത്തും. ഇതില്‍ വിഷയാധിഷ്ഠിതമായ കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ ഉണ്ടാകും. ഇതിന്റെ മാര്‍ക്കാകും അന്തിമ റാങ്കിങ്ങിന്റെ മാനദണ്ഡം. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക.
അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് വീണ്ടും അദ്ദേഹം വ്യക്തമാക്കുന്നു. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നീട്ടിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ട്.