തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ; സ്വാഗതം ചെയ്തു സോഷ്യല്‍ മീഡിയ

കേരള സര്‍ക്കാരിന്റെ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞു തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിയോജിപ്പിനെ മറികടന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പ് തീരുമാനിക്കുക.

രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതു അവഗണിച്ചാണ് സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കേന്ദ്രസര്‍ക്കാര്‍ കൈമാറുന്നത്.

തിരുവനന്തപുരം ഉള്‍പ്പെടയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങ ളുടെയും നടത്തിപ്പും വികസനവും 50 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കരാറെടുക്കുന്നവര്‍ വിമാനത്താവള അതോറിറ്റിക്ക് ഫീസ് നല്‍കണം. യാത്രക്കാരില്‍നിന്ന് യൂസര്‍ഫീ ഈടാക്കാനുള്ള അധികാരമുണ്ടാകും. എന്നാല്‍ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ കീഴില്‍ത്തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു. അതേസമയം നടപടിയെ സ്വാഗതം ചെയ്യുന്ന നിലപാട് ആണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കനത്ത അവഗണനകള്‍ നേരിട്ട് വന്നിരുന്ന ഒന്നായിരുന്നു തിരുവനന്തപുരം വിമാനത്താവളം. സര്‍ക്കാര്‍ അവഗണനക്ക് എതിരെ രൂക്ഷമായ പ്രതിഷേധം നടന്നുവരുന്ന വേളയില്‍ തന്നെയാണ് നടത്തിപ്പ് അവകാശം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതും എന്നത് ശ്രദ്ധേയം.