ശമ്പളമില്ല ; കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

കോവിഡ് ഡ്യൂട്ടിയിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശമ്പളവും തസ്തികയും നിര്‍ണയിച്ച് സര്‍വീസ് ചട്ടങ്ങള്‍ നടപ്പാക്കണം എന്നാണ് ആവശ്യം. വിവേചനവും ചൂഷണവും നടക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ഹരജിയില്‍ പറയുന്നു. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ അടക്കം സര്‍ക്കാര്‍ നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് കോടതിയെ സമീപിച്ചത്.

ജൂണിലാണ് ആയിരത്തിലധികം ജൂനിയര്‍ ഡോക്ടര്‍മാരെ കോവിഡ് സ്പെഷ്യല്‍ ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ചത്. അന്ന് അവര്‍ക്ക് ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിരുന്നില്ല. ഇതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ ശമ്പളം നല്‍കുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നത്.

അതിന് ശേഷം ആഗസ്റ്റില്‍ ശമ്പളം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഈ ഉത്തരവില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലടക്കമാണ് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചിരിക്കുന്നത്. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ വ്യാപകമായി രോഗം പകരുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്.