ഇസ്രയേല്‍ വിഷയത്തില്‍ നിലപാട് മാറ്റാതെ സൌദി അറേബ്യ

അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച കരാര്‍ അംഗീകരിച്ചാല്‍ ഇസ്രയേലുമായി സമാധാന കരാറിന് തയ്യാറാണെന്ന് സൌദി അറേബ്യ. 1967ല്‍ ഫലസ്തീനില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കണമെന്നതാണ് കരാറിലെ പ്രധാന ആവശ്യം. ഫലസ്തീന്റെ ഭൂമി പിടിച്ചെടുത്തുള്ള ഇസ്രയേല്‍ നീക്കങ്ങളെല്ലാം ദ്വിരാഷ്ട്ര പദ്ധതിക്ക് തടസ്സമാണെന്നും സൌദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

യുഎസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ചില അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സഹകരിക്കാന്‍ തയ്യാറെടുപ്പിലാണ്. എന്നാല്‍ ഫലസ്തീന്‍ വിഷയത്തില്‍ അതിശക്തമായ നിലപാടിന്റെ പാരന്പര്യമുണ്ട് സൌദി ഭരണാധികാരികള്‍ക്ക്. ഇടക്കാലത്ത് ഇസ്രയേല്‍ പൌരന്മാര്‍ക്കും സ്വന്തം ഭൂമിയില്‍ സ്വസ്ഥമായി കഴിയാന്‍ അവകാശമുണ്ടെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ഇതിനാല്‍ തന്നെ, പുതിയ സാഹചര്യത്തില്‍ സൌദി നിലപാട് എന്താകുമെന്ന ആകാംക്ഷ അറബ് ലോകത്തുണ്ടായിരുന്നു.

ഇന്ന് ബെര്‍ലിനില്‍ വെച്ചാണ് സൌദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇസ്രയേലിനോടുള്ള നിലപാട് വ്യക്തമാക്കിയത്. യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് സൌദിയുടെ പ്രതികരണം. യുഎസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ചില അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സഹകരിക്കാന്‍ തയ്യാറെടുപ്പിലാണ്. ഇതിനോട് സൌദി വിദേശകാര്യ മന്ത്രി പറഞ്ഞത് ഇതാണ്. ഇസ്രയേലുമായി സമാധാനവും ബന്ധവും സ്ഥാപിക്കാന്‍ സൌദി അറേബ്യ ഒരുക്കമാണ്. ഇതിനായി അറബ് സമാധാന പദ്ധതി എന്ന പേരില്‍ 2002ല്‍ മുന്നോട്ട് വെച്ച ഉപാധികള്‍ സ്വീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം. ഇത് മുന്പും ഇസ്രയേലിനോട് വ്യക്തമാക്കിയതാണെന്നും സൌദി വിദേശകാര്യ മന്ത്രി പറഞ്ഞു.

2002ല്‍ മുന്നോട്ട് വെച്ച കരാര്‍ പ്രകാരം, ഫലസ്തീനില്‍ നിന്നും ഇസ്രയേല്‍ 1967ല്‍ കയ്യേറിയ ഭൂമി തിരികെ നല്‍കണം. ഇത് സ്വീകരിക്കാന്‍ പക്ഷേ ഇസ്രയേല്‍ തയ്യാറല്ല. ഏകപക്ഷീയമായി ഭൂമി കയ്യേറുന്ന ഇസ്രയേല്‍ നടപടി രണ്ടു രാഷ്ട്രങ്ങളെന്ന ശ്രമത്തെ ഇല്ലാതാക്കുന്നതാണെന്നും ഫര്‍ഹാന്‍ ചൂണ്ടിക്കാട്ടി. സൌദി അറേബ്യക്ക് നിലവില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് സൌദി ആകാശ പരിധിയില്‍ പ്രവേശിക്കാനും അനുമതിയില്ല.

പ്രസ്താവനയോടെ, നേരത്തെയുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സൂചിപ്പിക്കുകയാണ് സൌദി അറേബ്യ. എങ്കിലും ചര്‍ച്ചകള്‍ മധ്യപൂര്‍വേഷ്യയില്‍ സജീവമാകുന്ന സാഹചര്യത്തില്‍ വരും ദിനങ്ങളിലെ ഏത് അറബ് രാഷ്ട്രങ്ങളുടെ നീക്കവും മേഖലയിലെ രാഷ്ട്രീയ ഘടകങ്ങളെ സ്വാധീനിക്കും. ഇറാനെതിരായ നീക്കം ലക്ഷ്യം വെച്ചാണ് യുഎസ് ഇസ്രയേലുമായി അറബ് രാജ്യങ്ങളെ സഹകരിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.