സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനും എതിരായി സുശാന്തിന്റെ പിതാവ് ഫയല്‍ ചെയ്ത കേസ് കോടതി അംഗീകരിച്ചു. സുശാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു.
ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പോലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ അപകട മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പരിമിതമായ അന്വേഷണം മാത്രമേ ഈ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ നടക്കുകയുള്ളൂ എന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
കേസ് നിലവില്‍ അന്വേഷിക്കുന്ന മുംബൈ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉന്നതരായ പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. അന്വേഷണത്തിനായി ബീഹാറില്‍ നിന്നെത്തിയ പൊലീസ് സംഘത്തോട് ഇവര്‍ കാട്ടിയ നിസ്സഹകരണവും ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബലം പകര്‍ന്നു. ഇതിനെ പിന്നാലെയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായത്. സുശാന്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ഈ വിഷയം ഉന്നയിച്ച് ആഗോളതലത്തില്‍ ക്യാംപെയ്‌നും നടന്നിരുന്നു.