തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടിയുള്ള ടെന്‍ഡറില്‍ കേരള സര്‍ക്കാരിന് യോഗ്യത ഇല്ലായിരുന്നു എന്ന് വ്യോമയാനമന്ത്രി

വിമാനത്താവളം വിട്ടു കൊടുക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാധങ്ങള്‍ക്ക് തിരിച്ചടി. തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടി കേരള സര്‍ക്കാര്‍ നല്‍കിയ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ലായിരുന്നുവെന്ന് കേന്ദ്ര വ്യോമയാനമന്ത്രി. വളരെ സുതാര്യമായ ടെന്‍ഡര്‍ നടപടികളാണ് നടന്നത്. 2019ല്‍ തിരുവനന്തപുരം വിമാനത്താവളത്തിനായി ടെന്‍ഡര്‍ നടപടി നടന്നപ്പോള്‍, ഒരു യാത്രക്കാരന് 135 രൂപയാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കിയ ടെന്‍ഡറെന്ന് മന്ത്രി വെളിപ്പെടുത്തി. ഇപ്പോള്‍ കരാര്‍ നല്‍കിയ കമ്പനി 168 രൂപ ടെന്‍ഡര്‍ ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിനായി രംഗത്തെത്തിയ മൂന്നാമത്തെ കമ്പനി 63 രൂപ മാത്രമാണ് ടെന്‍ഡറായി സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ ആറു വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കാനായി ടെണ്ടര്‍ ക്ഷണിച്ചത്. തിരുവനന്തപുരത്തിന് പുറമെ ലക്‌നൌ, അഹമ്മദാബാദ്, മംഗളുരു, ജയ്പുര്‍, ഗുവാഹത്തി എന്നിവയാണ് സ്വകാര്യവത്കരണത്തിനായി തീരുമാനിച്ച വിമാനത്താവളങ്ങള്‍. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ തുടക്കംമുതല്‍ എതിര്‍ത്തിരുന്നു. പിന്നീട് സംസ്ഥാനസര്‍ക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസി കൂടി ടെണ്ടര്‍ സമര്‍പ്പിക്കുകയായിരുന്നു.

കെഎസ്‌ഐഡിസി സമര്‍പ്പിക്കുന്ന ടെണ്ടര്‍ തുക മുന്നിലെത്തുന്നതിനേക്കാള്‍ 10 ശതമാനം വ്യത്യാസത്തിലാണെങ്കില്‍ ടെണ്ടര്‍ അനുവദിക്കാമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ടെണ്ടര്‍ സ്വന്തമാക്കിയ അദാനിയും കഎസ്‌ഐഡിസിയും തമ്മിലുള്ള വ്യത്യാസം 19.64 ശതമാനമാണെന്ന് ഹര്‍ദീപ് പുരി ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്കു സ്വകാര്യ-പൊതു മേഖലയ്ക്കായി ലീസിന് നല്‍കിയതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.