കേന്ദ്ര സര്‍ക്കാരിന്റെ ചലഞ്ച് , ഒരു കോടി രൂപ സമ്മാനം ആലപ്പുഴ ടെക്കികള്‍ക്ക്

കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടി ആലപ്പുഴ സ്വദേശിയുടെ നേതൃത്വത്തിലുള്ള ടെക് സംഘം. വീഡിയോ കോണ്‍ഫറന്‍സിംഗിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ചലഞ്ച്. ആയിരത്തോളം കമ്പനികളില്‍ നിന്നുമാണ് ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജന്‍ഷ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപയും മൂന്ന് വര്‍ഷത്തേക്കുള്ള കരാറുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.

വീ കണ്‍സോള്‍’ എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച ടൂളായിരിക്കും ഇനി മുതല്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂള്‍. പാതിരപ്പള്ളി സ്വദേശിയായ ജോയ് സെബാസ്റ്റ്യന്‍ ടെക്‌ജെന്‍ഷ്യ എന്ന സ്ഥാപനത്തിന്റെ മേധാവിയാണ്. കൊറോണ വൈറസ് ലോക്ക്‌ഡൌണിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിനായി ആളുകള്‍ Zoom ആപ്പിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ ചൈനീസ് ആപ്പ് ആയ സൂമിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.

എന്നാല്‍, ആപ്പിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി ഗൂഗിള്‍ കമ്പനിയടക്കം പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍, മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ പലരും സൂം ഉപയോഗിച്ച് വരികയായിരുന്നു. ഇത് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു കണ്ടെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചലഞ്ചുമായി രംഗത്തെത്തിയത്.