കരാര്‍ തരപ്പെട്ടിരുന്നെങ്കില്‍ വിമാനത്താവളം തന്നെ പിണറായി വിജയന്‍ വിഴുങ്ങിക്കളയുമായിരുന്നെന്നു കെ സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടറില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവഴിച്ചെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതില്‍ 2.13 കോടി കണ്‍സല്‍ട്ടന്‍സിക്കു മാത്രമാണ് ചെലവഴിച്ചത്. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കണ്‍സല്‍ട്ടല്‍സി രാജും കൊള്ളയും നടത്താന്‍ പിണറായി സര്‍ക്കാരിനല്ലാതെ ആര്‍ക്കു കഴിയും. കരാര്‍ എങ്ങാന്‍ തരപ്പെട്ടിരുന്നെങ്കില്‍ വിമാനത്താവളം തന്നെ പിണറായി വിജയന്‍ വിഴുങ്ങിക്കളയുമായിരുന്നെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവുചെലവു കണക്കുകള്‍ സി. എ. ജി ഓഡിറ്റിനു വിധേയമാക്കണമെന്ന് പറഞ്ഞപ്പോള്‍ സ്വകാര്യ വിമാനത്താവളമെന്ന് പറഞ്ഞ് അതു നിഷേധിച്ചവരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഹാന്‍ഡിലിംഗ് അദാനിക്കു നല്‍കിയതിനെതിരെ വാളെടുക്കുന്നത്. സര്‍ക്കാരിനും ജനങ്ങള്‍ക്കും ലാഭമുള്ള നിലയിലാണ് സര്‍ക്കാര്‍ ടെണ്ടര്‍ അംഗീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സകല കരാറുകളും ഒരു നടപടിക്രമവുമില്ലാതെ ഊരാളുങ്കലിനും പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിനും കെ. പി. എം. ജി ക്കും തീറെഴുതുന്ന സി. പി. എം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറും അതുപോലെയാണെന്ന് സംശയിക്കുന്നതില്‍ അത്ഭുതമില്ല. കയ്യിട്ടുവാരാന്‍ കിട്ടാത്തതിലുള്ള കൊതിക്കെറുവാണ് കേരള സര്‍ക്കാരിന്. സി. ഡിറ്റും കെല്‍ട്രോണുമുണ്ടായിട്ടും സ്പ്രിംക്‌ളറിന് ഡാറ്റാ കൈമാറ്റം ചെയ്യാന്‍ കരാറുണ്ടാക്കിയ വിപ്‌ളവകാരികളാണ് ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍മാരെപ്പോലെ വാചകമടിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ ചാരിത്ര്യപ്രസംഗം ആദ്യം മന്‍ മോഹന്‍ജിയോടാണ് പറയേണ്ടത്. ആരാണ് ഈ ഏര്‍പ്പാട് ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം പറയും. സര്‍വ്വ കക്ഷിയോഗം വിളിക്കുന്നവര്‍ ഇക്കാര്യത്തില്‍ തിരുവനന്തപുരത്ത് ജനങ്ങള്‍ക്കിടയില്‍ ഒരു ഹിതപരിശോധനയ്ക്കു തയ്യാറുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. കള്ളക്കടത്തും ഹവാലയും നിര്‍ബാധം നടത്തുന്നവരുടെ കയ്യില്‍നിന്ന് തിരുവനന്തപുരത്തെയും കരിപ്പൂരിലേയും കാര്‍ഗോ ഹാന്‍ഡിലിംഗ് എടുത്തുമാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.