ഒരു പൂ പറിച്ചതിന് 40 ദലിത് കുടുംബങ്ങളെ ഊരുവിലക്കി

ഉയര്‍ന്ന ജാതിക്കാരന്റെ തോട്ടത്തില്‍ നിന്ന് ദലിത് പെണ്‍കുട്ടി പൂപറിച്ചതിന് 40 ദലിത് കുടുംബങ്ങളെ ഊരുവിലക്കി. ഒഡിഷയിലെ ധെന്‍കനാല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി 40 ദലിത് കുടുംബങ്ങള്‍ ഊരുവിലക്കിലാണ്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി പൂ പറിച്ചത്.

ഒരു കുടുംബം എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ സംഭവം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഒടുവില്‍ 40 ദലിത് കുടുംബങ്ങളുടെ ഊരുവിലക്കിലേക്ക് എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടും ഊരു വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് നിരഞ്ജന്‍ നായിക് പറഞ്ഞത്.

പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ഉടന്‍ ക്ഷമാപണം നടത്തി, എന്നാല്‍ സംഭവങ്ങളെ തുടര്‍ന്ന് നിരവധി മീറ്റിംഗുകള്‍ വിളിക്കുകയും അവര്‍ ഞങ്ങളെ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഞങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ല; ഗ്രാമത്തിന്റെ ഏതെങ്കിലും സാമൂഹിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല’- നിരഞ്ജന്‍ നായിക് പറഞ്ഞു.

800 കുടുംബങ്ങളുള്ള ഗ്രാമത്തില്‍ 40 കുടുംബങ്ങള്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുറോഡുകള്‍ ഉപയോഗിക്കാനും സ്‌കൂളില്‍ പ്രവേശിക്കാനും കൃഷിക്കായി വയലില്‍ പോകാനും, അനുവദിക്കുന്നില്ലെന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തിന് ഓഗസ്റ്റ് 17ന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. മറ്റുള്ളവരോട് സംസാരിക്കരുതെന്നും യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന അധ്യാപകരോട് മറ്റെവിടേക്കെങ്കിലും പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.