എന്‍ഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്നയ്ക്ക് രക്ഷയില്ല ; ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

സ്വര്‍ണ്ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സ്വപ്നയുടെ ജാമ്യം നിഷേധിച്ചത്. രാജ്യത്തും വിദേശത്തുമൊക്കെയുള്ള ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്.

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള പണവും സ്വര്‍ണവും കളപ്പണമാണെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം തള്ളിക്കളയാനാകില്ല. കൂടാതെ ഈ പണത്തിന്റെ ഉറവിടമെന്ന് പ്രതി പറയുന്നത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി. സ്വപ്ന സുരേഷ് കളപ്പണം വെളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായി തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് ലോക്കറില്‍ പണം നിക്ഷേപിച്ചതില്‍ കൂടുതല്‍ തെളിവ് ശേഖരണം ആവശ്യമുണ്ടെന്നും അതിനായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കേസില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിന്റെ കുരുക്ക് മുറുക്കുമെന്ന് റിപ്പോര്‍ട്ട്. ശിവശങ്കറിനെതിരായുള്ള മൊഴിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയത്. ഇതോടെ ശിവശങ്കറിന്റെ വാദങ്ങളൊക്കെ കള്ളമാണെന്ന് വ്യക്തമാകുകയാണ്.

സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തുന്നത് ശിവശങ്കര്‍ ആണെന്നും സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നും വേണുഗോപാല അയ്യര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് ശിവശങ്കര്‍ പരിചയപ്പെടുത്തുകയും ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നും വേണുഗോപാല അയ്യര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  എന്നാല്‍ താന്‍ സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. പക്ഷേ അത് ശരിയല്ലയെന്നും ശിവശങ്കര്‍ കൂടിക്കാഴ്ച കഴിയും വരെ അവിടെ ഉണ്ടിയായിരുന്നുവെന്നും മണിക്കൂറുകളോളം കൂടിക്കാഴ്ച നിലനിന്നിരുന്നുവെന്നും അയ്യര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കേസില്‍ ശിവശങ്കറിന് കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ട്.