കായംകുളം കൊലപാതകം ; കോടിയേരിയെ തള്ളി മന്ത്രി ജി. സുധാകരന്‍

കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി മന്ത്രി ജി സുധാകരന്‍. മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ടീയ കൊലപാതകം അല്ലെന്ന് കായംകുളം സിഐയും വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ സംഘമാണെന്നാണ് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നത്.

‘ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്’ – സുധാകരന്‍ പറഞ്ഞു. അതേസമയം കേസിലെ മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാംഗം കാവില്‍ നിസാമിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസും പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം തള്ളുന്നതാണ് കായംകുളം പൊലീസിന്റെയും വിശദീകരണം. കേസിലെ ഒന്നും മൂന്നും പ്രതികളെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു. ഗുണ്ടാ വിളയാട്ടം ചോദ്യം ചെയ്തതില്‍ വ്യക്തി വിരോധമാ കൊലയ്ക്ക് പിന്നിലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന ഫൈസല്‍, ആഷിഖ് തുടങ്ങി അഞ്ച് പേരെയാണ് കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.