ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ; സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപെട്ടു
വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ റെഡ് ക്രെസന്റിന്റെ സഹായവുമായി ബന്ധപെട്ടാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിവരങ്ങള്‍ ആരാഞ്ഞത്. കേന്ദ്രം ആവശ്യപെട്ട വിവരങ്ങള്‍ സംസ്ഥാനം കൈമാറും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപെട്ട് റെഡ് ക്രെസന്റില്‍ നിന്നും സഹായം സ്വീകരിച്ചതുമായി ബന്ധപെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ കൈമാറുന്നതിനാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപെട്ടത്.
ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള കരാറുമായി ബന്ധപെട്ട കാര്യങ്ങള്‍,കരാര്‍ നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നോ എന്നീ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും പരിശോധന നടത്തുന്നതായാണ് വിവരം. നേരത്തെ മുഖ്യമന്ത്രി ലൈഫ് മിഷനുമായി ബന്ധപെട്ട് നടത്തിയ ചില പരാമര്‍ശങ്ങള്‍ തെറ്റാണ് എന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത യുണിടാക്കുമായി സംസ്ഥാന സര്‍ക്കാരിനോ ലൈഫ് മിഷനോ യാതൊരുബന്ധവും ഇല്ലെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നടത്തിയ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റെഡ് ക്രെസന്റ് ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത് വന്നതോടെയാണ് സര്‍ക്കാര്‍ വാദം പൊളിഞ്ഞത്.
ഈ രേഖകള്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ എല്ലാ സഹായവും ഉറപ്പ് വരുത്തിയ ശേഷമാണ് ഫ്‌ലാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ യുണിട്ടാക്കിന് നല്‍കിയതെന്നാണ്. സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ പണം ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ ആണെന്ന വിവരം പുറത്ത് വന്നത് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു.ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്.