ആരാധകരുടെ ഗുണ്ടായിസം ; മോഹന്‍ലാലിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്ന് ഹരീഷ് പേരടി

മോഹന്‍ലാല്‍ ഫാന്‍സിന്റെ ഗുണ്ടായിസത്തിനു എതിരെ പരസ്യമായി പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് പ്രോഗ്രാമില്‍ മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിശേഷിപ്പിച്ചതോടെ ആരാധകര്‍ ഈ പരിപാടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറും നടനവിസ്മയവുമൊക്കെയായ താരത്തെ അങ്ങനെ വിശേഷിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം പറഞ്ഞത്. വിവാദം കടുക്കുന്നതിനിടയിലായിരുന്നു ചാനല്‍ ഖേദപ്രകടനവുമായെത്തി.

ഇതിന് പിന്നാലെ സ്‌കിറ്റ് ചെയ്ത ജോബിയും ക്ഷമ പറഞ്ഞു രംഗത്ത് വന്നു. ഫ്ളവേഴ്സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജോബി ക്ഷമ പറഞ്ഞത്. ആ പരാമര്‍ശം ആരാധകരെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കാനായാണ് പരിപാടികള്‍ ചെയ്യുന്നത്. എന്നാല്‍ അത് സങ്കടത്തിലേക്ക് പോയതില്‍ താനും വിഷമത്തിലാണ്. ചെറിയ കലാകാരന് പറ്റിയ അബദ്ധമായി കാണണേയെന്നുമായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാലിനോടും അദ്ദേഹത്തിന്റെ ആരാധകരോടുമായാണ് ജോബി ക്ഷമ ചോദിച്ചത്.

ജോബി ക്ഷമ പറഞ്ഞതിന് ശേഷവും ചാനലിനും പരിപാടിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മോഹന്‍ലാല്‍ ആരാധകരെത്തിയിരുന്നു. വേദിയില്‍ വെച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പരിപാടിയുടെ സ്‌ക്രിപ്റ്റ് റൈറ്ററാണ് ക്ഷമ പറയേണ്ടതെന്നുള്ള വാദങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ചാനലിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലൂടെയുമെല്ലാമായാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ആരാധകരെത്തിയത്. ഈ വിഷയത്തെക്കുറിച്ച് മോഹന്‍ലാല്‍ മൗനം പാലിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്. ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ഇതേ ഫാന്‍സുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്. ഇതിനൊക്കെ ഇനിയും സാംസ്‌കാരിക കേരളം വളം വെച്ചുകൊടുക്കണോ? ഒരു നടന്‍ എന്ന നിലക്ക് ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. പ്രിയപ്പെട്ട ലാലേട്ടാ, ഈ ഫാന്‍സുകാരുടെ വിവരമില്ലായ്മക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവന്‍ കേള്‍ക്കേ സ്‌നേഹം പ്രകടിപ്പിച്ചാല്‍ അത് താങ്കളുടെ പ്രസ്‌ക്തിയും അന്തസ്സും ഇനിയും ഉയര്‍ത്തുമെന്നുമായിരുന്നു ഹരീഷ് പേരടി കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :