വിയന്നയിലെ രണ്ടാം തലമുറയും മലയാളഭാഷാ പഠനവും: ഒരു തിരിഞ്ഞുനോട്ടം

കേരളത്തിന് വെളിയിലുള്ള രണ്ടാം തലമുറ യുവതലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ വിയന്നയില്‍ ജനിച്ചുവളര്‍ന്ന യുവതീയുവാക്കള്‍ മലയാളം സംസാരിക്കുന്നതില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നു എന്ന് തന്നെ പറയാം. തികഞ്ഞ അഭിമാനത്തോടെയും അല്‍പം അഹങ്കാരത്തോടെയുമാണ് ഇതിവിടെ കുറിക്കുന്നത്.

വിയന്നയിലെ മലയാളം പഠനത്തിന്റെ ചരിത്രം എവിടെയാണ് ആരംഭിക്കുന്നത്. 1960-കളുടെ അവസാനം തുടങ്ങി ഓസ്ട്രിയയില്‍ പ്രത്യേകിച്ച് മലയാളി കുടിയേറ്റം ആരംഭിച്ചതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അത് പറയുന്നത് മുന്‍പ് അന്നത്തെ സാഹചര്യങ്ങള്‍ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അല്പമൊന്നു വിവരിക്കുന്നത് നന്നായിരിക്കും.

1980 സെപ്റ്റംബര്‍ 3ന് ഞാന്‍ ഇവിടെ വരുമ്പോള്‍ ഏതാണ്ട് നൂറിനുമുകളില്‍ മലയാളികള്‍ ഉണ്ടായിരുന്നു. രണ്ടു സംഘടനകളും, മലയാളം കുര്‍ബ്ബാനയും, മാസ കൂട്ടായ്മയും, 16mm സിനിമാകാഴ്ചയും ഞങ്ങളുടെ കൂട്ടായ്മയെ ഏറെ ഹൃദ്യമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക്, മലയാളികള്‍ ഒഴുകുന്ന സമയത്ത് തന്നെയായിരുന്നു ഞാനും യുറോപ്പിലെത്തിയത്. വിയന്നയില്‍ നിന്നും കിട്ടുന്ന ശമ്പളം മുഴുവനും നാട്ടില്‍ എത്തിക്കുക, വര്‍ഷത്തില്‍ ഒരിക്കല്‍ റെയ്ബാന്‍ ഗ്ലാസ്സും ബെല്‍ ബോട്ടം പാന്റ്‌സും കൈയ്യില്‍ 555 സിഗററ്റ്‌സും, അത്തറിന്റെ സുഗന്ധവും ഉള്ള ഒരു മലയാളി താരമാകാനായിരുന്നു അന്നത്തെ ആഗ്രഹം. ആ ഒരു സെറ്റപ്പിലാണ് ഞാനും ഓസ്ട്രിയ എന്ന സ്വപ്നഭൂമിയില്‍ തുടക്കം കുറിച്ചത്. യൂറോപ്പിലെ ഒരു വികസിത രാജ്യത്തില്‍, തനിഗ്രാമീണനായി മാത്രം ജീവിച്ച എന്റെ മക്കളെ ഭാരതസംസ്‌ക്കാരത്തിലും, മലയാളത്തനിമയിലും വളര്‍ത്തേണ്ടത് എന്റെ കടമയായി എന്റെ മനസ്സില്‍ തെളിഞ്ഞു.

ഈ സാഹചര്യത്തിലാണ് തൊടുപുഴ ഡിപ്പോള്‍ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ആയിരുന്ന ഫാ. ചാണ്ടി കളപ്പുരയില്‍ ഞങ്ങളുടെ രണ്ടാമത്തെ ഐ.സി.സിയുടെ ചാപ്ലൈന്‍ ആയി 1987ല്‍ നിയമിതനാകുന്നത്. 1988ലെ ഈസ്റ്ററിന്റെ ആഘോഷവേളയില്‍ 2 പെഗ്ഗ് വൈന്‍ ഉള്ളിലുണ്ടായിരുന്നത്തിന്റെ ബലത്തില്‍ എന്റെ മക്കളെ മലയാളം പഠിപ്പിക്കണം എന്ന ആഗ്രഹം ബഹു. അച്ചന്റെ മുന്നിലവതരിപ്പിച്ചു. രൂക്ഷമായി തറപ്പിച്ച് എന്നെ നോക്കിയശേഷം ചെറുപുഞ്ചിരിയോടെ ആ ദൗത്യം അച്ചന്‍ ഏറ്റെടുത്തു.

1988 മെയ് മാസം അച്ചന്റെ സൗകര്യവും എന്റെ സൗകര്യവുംപോലെ ഞായറാഴ്ചത്തെ കുര്‍ബാബാനയ്ക്കു ശേഷം തറ, തല പഠനം ആരംഭിച്ചു. ആദ്യ ആഴ്ചകളില്‍ എന്റെ മക്കള്‍ മാത്രം. പിന്നെ പതുക്കെ പതുക്കെ എണ്ണം കൂടിക്കൊണ്ടിരുന്നു. 1993ല്‍ ചാണ്ടി അച്ചന്‍ പോകുന്നതുവരെ കുറെ കുട്ടികളെ മലയാളത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു എന്നതും ചരിത്രത്തിന്റെ ഭാഗം.

1993-ല്‍ ജൂണ്‍മാസത്തില്‍ ജോണ്‍ നിരപ്പേല്‍ അച്ചന്‍ ഐ.സി.സിയുടെ മൂന്നാമത്തെ ചാപ്‌ളൈനായി സ്ഥാനം ഏറ്റു. അതേ വര്‍ഷം സെപ്റ്റംബര്‍ മാസം മുതല്‍ ആന്റണി പുത്തന്‍പുരക്കല്‍ പ്രധാന അധ്യാപകനായി കൈരളീനികേതന്‍ എന്ന പേരില്‍ ഒരു സ്‌കൂള്‍ തുടങ്ങി മലയാളം പഠിപ്പിച്ചു. ആന്റണി പുത്തന്‍പുരക്കല്‍ 1993 സെപ്റ്റംബര്‍ മുതല്‍ 1996 ജൂണ്‍ വരെ ഈ സ്‌കൂളില്‍ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1995 സെപ്റ്റംബര്‍ മാസം മുതല്‍ കൈരളീനികേതനില്‍ ഫിലിപ്പ് പുന്നവേലിത്തടം, റെജി പൂവട്ടില്‍ എന്നിവര്‍ സഹാധ്യാപകരായി സേവനം അനുഷ്ഠിച്ചു. ഇതാണ് കൈരളിനികേതന്‍ എന്നപേരില്‍ ആരംഭിച്ച പ്രസ്ഥാനം. അതിനോടൊപ്പം തന്നെ മനോഹരമായ ഗ്രന്ഥശാലയും ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വളരെ നിസ്സാരമായി തുടങ്ങിയ നമ്മുടെ വിദ്യാലയം കെട്ടിലും മട്ടിലും മനോഹരമായി.

പിന്നീടുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 1994, 95, 96 എന്നീ വര്‍ഷങ്ങളില്‍ ഹരിശ്രീ എന്ന പേരില്‍ ആന്റണി പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരണം ഇറക്കി എന്നത് അഭിനന്ദനീയമാണ്. 1995 മുതല്‍ കലോത്സവവും ആരംഭിച്ചു. 1996ല്‍ പി.റ്റി.എ രൂപം കൊണ്ടു. ആദ്യ പ്രസിഡന്റ് എബ്രഹാം കുരുട്ടുപറമ്പിലും, പിന്നീട് വില്‍സണ്‍ കോലംകണ്ണിയും 1999 മുതല്‍ ജോഷിമോന്‍, ഫാ. തോമസ് താണ്ടപ്പള്ളിയെപ്പോലെ സ്ഥിരമായി തുടരുകയും ചെയ്തു.

1996 സെപ്റ്റംബര്‍ മുതല്‍ ആന്റണി പുത്തന്‍പുരക്കല്‍, ബെന്നി മാളിയേക്കല്‍, ടോമി കല്ലുമാടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാലകൈരളി എന്ന നാമത്തില്‍ ഒരു കുഞ്ഞനുജന്‍ കൂടി ജനിച്ചു. അവിടെ മലയാളഭാഷയ്ക്കു പുറമെ, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മ്മന്‍, ഡാന്‍സ്, മ്യൂസിക്ക് മുതലായവയും വിയന്നയിലെ കുരുന്നുകള്‍ക്കായി ബാലകൈരളിയില്‍ ഉണ്ടായിരുന്നു. 1999 മുതല്‍ വര്‍ഗ്ഗീസ് പഞ്ഞിക്കാരന്‍ കൂടി അവിടെ സാരഥിയായി. റവ. ഡോ. ബിജു ചിരത്തിലാട്ട്, ഷാജി ജോണ്‍ ചേലപ്പുറത്ത്, ഡെന്നീസ് ചിറയത്ത്, മീനാ കിഷോര്‍, ഫാ. ജോണ്‍സണ്‍ വെട്ടൂണി, നേഹ കാപ്പടി, ഹിമ ഡേവീസ് ആറ്റുപുറം, സീതാ സുബ്രഹ്‌മണ്യന്‍ ഇവരൊക്കെയും ഉണ്ടായിരുന്നു. ഓസ്ട്രിയാക്കാരുടെ ഇടയിലും നമ്മുടെ കുട്ടികളുടെ കലാപരിപാടികള്‍ പലപ്രാവശ്യം അരങ്ങേറിയിട്ടുണ്ട്. നല്ലൊരു ശതമാനം രണ്ടാം തലമുറയും ഇതിന്റെയൊക്കെ ഫലങ്ങള്‍ നേടി.

ലോകമലയാളികളുടെ ചരിത്രത്തിനു മുന്‍പില്‍ അഭിമാനപുരസ്സരം വിയന്നാ മലയാളിയുടെ രണ്ടാം തലമുറയുടെ ഈ അത്ഭുതകരമായ വളര്‍ച്ച സമര്‍പ്പിക്കുമ്പോള്‍ ആ കൊച്ചുമക്കളുടെ മലയാളസ്പുടതയും തനിമയും വിയന്ന മലയാളികള്‍ക്ക് ആവേശം പകരുന്ന ഒന്നാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തികളോടും ഇതിന്റെ തുടക്കക്കാരന്‍ എന്ന നിലയില്‍ തികഞ്ഞ കൃതാര്‍ത്ഥതയുണ്ട്. മലയാള ഭാഷയുടെ നന്മകള്‍ ലോകം ഉള്ളിടത്തോളം വെന്നിക്കൊടിപാറിക്കട്ടെ.

ഹായ് അമ്മച്ചി എന്ന സംബോധനയ്ക്കു പകരം അമ്മച്ചിക്കു സുഖമാണോ എന്ന ഒറ്റവാക്കുകൊണ്ട് ഹൃദയം തുളുമ്പുന്ന പുഞ്ചിരിയാല്‍ ഓടിയെത്തുന്ന കൊച്ചുമക്കളെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്ന അപ്പച്ചന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഈ ലേഖനം സമര്‍പ്പിക്കുന്നു.

വാല്‍കഷണം: ഇതാണ് വിയന്നയിലെ മലയാളഭാഷാ പഠനത്തിന്റെ ചരിത്രം. ചരിത്രത്തെ വളച്ചൊടിക്കുന്നതും സ്വന്തം പേരിനും നിലനില്‍പ്പിനും വേണ്ടി മാറ്റി എഴുതുന്നതും ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്.