എന്‍ എച്ച് എസ് ഹീറോസിന് മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ സ്‌നേഹോപഹാരം; 5 കിലോമീറ്റര്‍ റണ്‍ ചലഞ്ച് ഞായറാഴ്ച ബാമിങ് വുഡ്‌സില്‍
മെയ്ഡ്‌സ്റ്റോണ്‍: മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍, മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് ചാരിറ്റിയുമായി ചേര്‍ന്ന് ആഗസ്റ്റ് 23 ഞായറാഴ്ച 5KM ഓട്ടം സംഘടിപ്പിക്കുന്നു. കോവിഡ് – 19 കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് എന്‍എച്ച്എസിലെ ധീരരും കര്‍മ്മനിരതരുമായ നായകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എംഎംഎ യും MTW ചാരിറ്റിയും ലക്ഷ്യം വയ്ക്കുന്നത്.
300ല്‍ പരം മലയാളികള്‍ ഈ ട്രസ്റ്റിലെ മെയ്ഡ്‌സ്റ്റോണ്‍, പെംബെറി ഹോസ്പിറ്റലുകളിലായി ജോലി ചെയ്യുന്നുണ്ട്. കോവിഡ് – 19 പ്രതിസന്ധി ഘട്ടത്തില്‍ നിസ്വാര്‍ത്ഥമായ സേവനം വഴി ട്രസ്റ്റ് മാനേജ്മെന്റിന്റെയും പ്രാദേശിക സമൂഹത്തിന്റെയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കാന്‍ എംഎംഎ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ എന്‍എച്ച്എസിലെ ജീവനക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്.
MTW ചാരിറ്റിയുടെ ‘ഗോ ദി ഡിസ്റ്റന്‍സ്’ സംരംഭത്തില്‍ എംഎംഎഎ സഹകരിക്കുവാന്‍ തീരുമാനിക്കുകയും മുതിര്‍ന്നവരും കുട്ടികളും ഉള്‍ക്കൊള്ളുന്ന 50 പേര്‍ 5 കിമീ ഓട്ടത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് MTW ചാരിറ്റിയുടെ യുടെ ഈ ഫണ്ട് റേസിങ്ങിന്റെ ഭാഗമാകുന്നു. ലക്ഷ്യ തുകയുടെ രണ്ടു മടങ്ങിലധികം ഇതിനോടകം സംഭരിച്ചു കഴിഞ്ഞു.ഇതിലൂടെ സമാഹരിക്കുന്ന തുക ട്രസ്റ്റിലെ ജീവനക്കാരുടെ ക്ഷേമത്തിനും മെച്ചപ്പെട്ട ജോലിസാഹചര്യങ്ങളുടെ വികസനത്തിനുമായി ഉപയോഗിക്കും. ആഗസ്റ്റ് മാസം 27 വരെ ഈ നിധിയിലേക്ക് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എംഎംഎ റണ്‍ ചലഞ്ച് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ രാമകൃഷ്ണന്‍ പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയും രൂപരേഖയോടെയുമാണ് എംഎംഎഎ ഇവന്റ് മാനേജ്മെന്റ് കമ്മറ്റി ഈ സംരംഭം വിഭാവന ചെയ്തിരിക്കുന്നത്. പോലീസ്, പ്രാദേശികസമൂഹം എന്നിവരുടെ സഹകരണത്തോടെയും അറിവോടെയും സാമൂഹിക അകലം, ശുചിത്വ നിഷ്‌കര്‍ഷനം എന്നിവയുടെ പാലനത്തോടെയും ആണ് അംഗങ്ങള്‍ ഈ ഓട്ടത്തില്‍ പങ്കെടുക്കുക. ഗവണ്മെന്റിന്റെ ഗൈഡ്‌ലൈന്‍ പ്രകാരം മിതമായ സാമൂഹിക സമ്പര്‍ക്കം സാധ്യമാക്കത്തക്ക രീതിയില്‍ കുടുംബങ്ങളും വ്യക്തികളും അടങ്ങുന്ന ബബിളുകളായി വിവിധ സമയങ്ങളിലായാണ് ഈ ഉദ്യമം പൂര്‍ത്തിയാക്കുക.
ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 8 മണിക്ക് മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലിന് സമീപമുള്ള ബാമിങ് ഹീത്ത് ഗ്രൗണ്ടില്‍ MTW ഫണ്ട് റെയ്സിംഗ് ഇവെന്റ്‌സ് മാനേജര്‍ ലോറ കെന്നഡി റണ്‍ ചലഞ്ച് ഫ്‌ലാഗ് ഓഫ് ചെയ്ത് ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യും. മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ദി വീല്‍ഡ്‌സ് എംപി ഹെലന്‍ ഗ്രാന്റ് എംഎംഎ അംഗങ്ങളെ പ്രശംസിക്കുകയും ഈ ഉദ്യമത്തിന് അകമഴിഞ്ഞ വിജയാശംസകള്‍ നേരുകയും ചെയ്തതായി പ്രസിഡന്റ് ലാലിച്ചന്‍ ജോസഫ്, സെക്രട്ടറി ബൈജു തങ്കച്ചന്‍, ട്രഷറര്‍ ജോസ് കുര്യന്‍ എന്നിവര്‍ അറിയിച്ചു.