നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് കിഴക്കന്‍ പ്രവിശ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി അവസാനിപ്പിച്ചു

ദമ്മാം: കൊറോണ രോഗബാധയെത്തുടര്‍ന്നു ദുരിതത്തിലായ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളെ സഹായിക്കാനായി, കഴിഞ്ഞ അഞ്ചു മാസമായി പ്രവര്‍ത്തിച്ചു വരുന്ന നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി അവസാനിച്ചു.

സൂമില്‍ ഓണ്‍ലൈനായി നടന്ന സമാപനസമ്മേളനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ ഉത്ഘാടനം ചെയ്തു. ലോകത്തെ മറ്റേതു രാജ്യത്തും നടന്ന നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തങ്ങള്‍ കാഴ്ച വച്ച സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിനെ അദ്ദേഹം അഭിനന്ദിച്ചു.

ലോകകേരളസഭാഗം പവനന്‍ മൂലക്കീല്‍ അധ്യക്ഷനായ സമ്മേളനത്തില്‍ നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് കണ്‍വീനര്‍ ആല്‍ബിന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ എല്ലാ പ്രവാസിസംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും ഭാഗമായ നോര്‍ക്കഹെല്‍പ്പ് ഡെസ്‌ക്ക്, വളരെ മാതൃകാപരമായാണ് കഴിഞ്ഞ അഞ്ചുമാസവും പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോവിഡ് കാരണം ജോലിയും വരുമാനവും ഇല്ലാത്ത പ്രവാസികള്‍ക്കായി ദമ്മാം, കോബാര്‍, അബ്‌കേക്ക്, ജുബൈല്‍. അല്‍ഹസ്സ എന്നീ പ്രദേശങ്ങളിലായി, ആകെ 40 ടണ്ണിലധികം ഭക്ഷണസാധന കിറ്റുകളാണ് ഹെല്‍പ്പ്‌ഡെസ്‌ക്ക് വിതരണം ചെയ്തത്. കൊറോണ ബാധിച്ചു കൊറന്റൈനില്‍ കഴിഞ്ഞ പ്രവാസികള്‍ക്കായി മൂവായിരത്തിലധികം പാചകം ചെയ്ത ഭക്ഷണപ്പൊതികളും ഹെല്‍പ്പ്‌ഡെസ്‌ക്ക് വഴി വിതരണം ചെയ്തു. നാലായിരത്തിഅഞ്ഞൂറോളം പ്രവാസികള്‍ക്ക് ഇത്തരത്തിലുള്ള സേവനം പ്രയോജനപ്പെടുകയുണ്ടായി.

വന്ദേഭാരത് മിഷന്‍ വിമാനസര്‍വ്വീസുകളുടെ അപര്യാപ്തതയും, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ചുമത്തിയ അമിത ടിക്കറ്റ് നിരക്കും പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിന് തടസ്സമായപ്പോള്‍, നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്ക് തന്നെ നേരിട്ട് വളരെ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസ് ഏര്‍പ്പെടുത്തി. ഇതുവരെ ഏഴു വിമാനങ്ങളാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് ചാര്‍ട്ടര്‍ ചെയ്തു സര്‍വ്വീസ് നടത്തിയത്. വളരെ പ്രൊഫെഷണല്‍ ആയ രീതിയില്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ വരെ ഒരുക്കി, സൗദി അറേബ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ചാര്‍ട്ടേര്‍ഡ് വിമാന ടിക്കറ്റ് നിരക്കില്‍ നടത്തിയ സര്‍വ്വീസുകള്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമായി മാറി.

നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മെഡിക്കല്‍ വിഭാഗം, രോഗികളായ ഇരുനൂറ്റിഅമ്പതോളം പേര്‍ക്ക് മരുന്നുകള്‍ എത്തിയ്ക്കുകയും, നാനൂറ്റി അന്‍പതോളംപേര്‍ക്ക് വിദഗ്ദഡോക്റ്റര്‍മാരുടെ ഓണ്‍ലൈന്‍ സേവനം എത്തിച്ചു കൊടുക്കുകയും ചെയ്തു. വിദഗ്ദപരിശീലനം നേടിയ പന്ത്രണ്ടു കൗണ്‍സിലര്‍മാര്‍ അടങ്ങിയ നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്ക് കൗണ്‍സലിംഗ് ടീം, കോവിഡ്ബാധിതരായ ഇരുനൂറ്റിപതിനഞ്ചു പേര്‍ക്ക് കൗണ്‍സലിങ് നല്‍കുകയുണ്ടായി.

പ്രവാസികള്‍ നേരിട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി, സൗദി ഇന്ത്യന്‍ എംബസ്സി, ഇന്ത്യന്‍ വിദേശകാര്യവകുപ്പ്, വ്യോമയാനവകുപ്പ്, കേരളമുഖ്യമന്ത്രി, എയര്‍ ഇന്ത്യ ഡയറക്ടര്‍ എന്നിവര്‍ക്ക് അടക്കം പതിനാലോളം നിവേദനങ്ങള്‍ നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതോടൊപ്പം, പ്രവാസികള്‍ക്കിടയില്‍ കോവിഡിനെപ്പറ്റിയുള്ള ബോധവല്‍ക്കരണത്തിനും, നിയമസഹായത്തിനും, തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ഒക്കെ വ്യാപകമായ ഇടപെടല്‍ നടത്താന്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിനു കഴിഞ്ഞിട്ടുണ്ട്.

പ്രവാസി ക്ഷേമനിധിബോര്‍ഡ് ഡയറക്റ്റര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് കോര്‍ കമ്മിറ്റി മെമ്പര്‍മാരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂര്‍, ഹെല്‍പ്പ്‌ഡെസ്‌ക്ക് അല്‍ഹസ്സ ചെയര്‍മാന്‍ നാസര്‍ മദനി, ലോകകേരളസഭഅംഗം നാസ് വക്കം എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി. ലോകകേരളസഭാഗം എം.എ.വാഹിദ് കാര്യറ സ്വാഗതവും, നോര്‍ക്കഹെല്‍പ്പ്ഡെസ്‌ക്ക് ജുബൈല്‍ കണ്‍വീനര്‍ ജയന്‍ തച്ചന്‍പ്പാറ നന്ദിയും പറഞ്ഞു.