സര്‍ക്കാരിന് കുരുക്കായി വിമാനത്താവള ലേലം : വിദഗ്‌ധോപദേശം തേടിയത് അദാനിയുടെ ബന്ധുവിന്റെ കമ്പനിയില്‍
തിരുവനന്തപുരം വിമാനത്താവളവും കേരള സര്‍ക്കാരിനു കുരുക്ക് ആകുന്നു. ലേലനടപടികള്‍ക്ക് വേണ്ടി കേരളം വിദഗ്‌ധോപദേശം തേടിയത് അധാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യാ പിതാവിന്റെ കമ്പനിയുമായി. സിറില്‍ അമര്‍ ചന്ദ് മംഗല്‍ദാസ് എന്ന സ്ഥാപനത്തിന് കള്‍സള്‍ട്ടന്‍സി ഇനത്തില്‍ സംസ്ഥാനം നല്‍കിയതാകട്ടെ 55 ലക്ഷം രൂപയിലേറെയും. കെഎസ്‌ഐഡിസി നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്.
കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്‌ഐഡിസിക്ക് പിന്‍ബലം മുഴുവല്‍ നല്‍കിയത് രണ്ട് സ്ഥാപനങ്ങളാണ്, മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പും പ്രളയ പുനരധിവാസ കണ്‍സല്‍റ്റന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും നല്‍കി. മംഗല്‍ദാസ് ഗ്രൂപ്പിന്റെ ക്ലയന്റ് പട്ടികയില്‍ പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്റെ കിഫ്ബിയും തുടങ്ങി അദാനി ഗ്രൂപ്പ് വരെ ഉണ്ട്. പക്ഷേ, ബന്ധം ഇവിടം കൊണ്ടു തീരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണം എത്തിയത് കക്ഷി, അഭിഭാഷകബന്ധത്തിനപ്പുറമുള്ള ഉറ്റബന്ധത്തിലേക്കാണ്.
കരണ്‍ അദാനിയുടെ ഭാര്യാ പിതാവ് സിറില്‍ ഷ്‌റോഫാണ് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പിന്റെ എംഡി . അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഉപദേശക സമിതി അംഗം കൂടിയാണ് സിറില്‍. സിറിള്‍ ഷ്‌റോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീധി, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ്. അതായത് തിരുവനന്തപുരത്തെ അടക്കം തുറമുഖ പദ്ധതികളുടെ ചുമതലയുള്ള അദാനി പോര്‍ട്‌സിന്റെ സിഇഒ കരണ്‍ അദാനിയുടെ ഭാര്യ. ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതിലും തുടര്‍ന്ന് ലേലത്തില്‍ കേരള സര്‍ക്കാര്‍ തോല്‍ക്കാന്‍ കാരണമായതും പ്രധാന കാരണം ഇതാണ് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും, കേരളം 135 രൂപയും വാഗ്ദാനം ചെയ്തത്. വിമാനത്താവളം അദാനി ഗ്രൂപ്പ് കൊണ്ടുപോയതും.