വഴക്കിടുന്നില്ല ; ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി
ഭര്‍ത്താക്കന്മാരുടെ ക്രൂരതകള്‍ കാരണം ജീവിതം മടുത്ത് ബന്ധം അവസാനിപ്പിക്കാന്‍ കോടതി കയറുന്ന സ്ത്രീകളുടെ വാര്‍ത്തകളും വിശേഷങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ അമിത സ്നേഹത്തില്‍ മനം മടുത്ത് വിവാഹ മോചനം ആവശ്യപ്പെട്ട യുവതിയുടെ വാര്‍ത്ത അധികം ആരും ഇതിനു മുന്‍പ് കേള്‍ക്കാന്‍ വഴിയില്ല. ഉത്തര്‍പ്രദേശിലെ ഒരു മുസ്ലിം സ്ത്രീയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ശരിഅത്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷമാണ് യുവതിയുടെ വ്യത്യസ്തമായ ആവശ്യം.
ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ഭര്‍ത്താവ് ഒരിക്കല്‍ പോലും തന്നോട് തര്‍ക്കിച്ചിട്ടില്ലെന്നും ഇദ്ദേഹത്തിന്റെ അമിത സ്നേഹവുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നുമാണ് യുവതി പറയുന്നത്. ‘എന്നോട് ഒരിക്കല്‍ പോലും രൂക്ഷമായി സംസാരിക്കുകയോ എന്തെങ്കിലും പ്രശ്നത്തിന് നീരസം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു അന്തരീക്ഷത്തില്‍ എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നുന്നു,’ യുവതി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വീട്ടുജോലികളിലും പാചകത്തിലും എല്ലാ കാര്യത്തിലും ഭര്‍ത്താവ് സഹായിക്കുന്നുണ്ട്.
എപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ അദ്ദേഹം അതെല്ലാം ക്ഷമിക്കുന്നു. എനിക്ക് അദ്ദേഹവുമായി വാഗ്വാദം നടത്തണം,’ യുവതി പറഞ്ഞു. യുവതിയുടെ വാദം കേട്ട ശരിഅത്ത് കോടതിയിലെ പുരോഹിതന്‍ അമ്പരക്കുകയും വിവാഹമോചന ആവശ്യം തള്ളിയെന്നുമാണ് റിപ്പോര്‍ട്ട്. ശരി അത്ത് കോടതി ആവശ്യം തള്ളിയതോടെ യുവതിയുടെ ആവശ്യം ലോക്കല്‍ പഞ്ചായത്ത് പരിഗണിച്ചു. എന്നാല്‍ ഇവിടെയും ഈ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.