സ്വപ്നയുടെ കള്ളക്കഥകള്‍ പുറത്തു കൊണ്ട് വന്ന് എന്‍ഫോഴ്സ്മെന്റ്

ചോദ്യം ചെയ്യലിനിടെ സ്വപ്ന സുരേഷ് പറഞ്ഞത് പലതും കള്ളമാണെന്ന് തുടരന്വേഷണങ്ങളില്‍ തെളിഞ്ഞതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രമുഖരെ രക്ഷിക്കാനുമായി സ്വപ്ന മെനഞ്ഞ കഥയാണ് പലതുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് ബോധ്യമായി. ലൈമിഷന്‍ പദ്ധതിയിലൂടെ ലഭിച്ച കമ്മീഷനാണ് ലോക്കറില്‍നിന്ന് ലഭിച്ച ഒരു കോടിയെന്നായിരുന്നു സ്വപ്നയുടെ മൊഴി. ബാക്കി തുക യു.എ.ഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും ഇയാള്‍ ഇതുമായി കടന്നുവെന്നുമാണ് സ്വപ്ന നേരത്തെ മൊഴി നല്‍കിയത്.

എന്നാല്‍ യൂണിടാക്ക് പ്രതിനിധിയുടെ മൊഴി എടുത്തപ്പോള്‍ 55 ലക്ഷം രൂപ മാത്രമാണ് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയതെന്നും ഇത് സന്ദീപ് നായരുടെ അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും വ്യക്തമായി. സന്ദീപിന്റെ അക്കൗണ്ട് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇത് ശരിയാണെന്നും ബോധ്യമായി. ബാക്കി തുക ഈജിപ്ഷ്യന്‍ പൗരന് കൈമാറി എന്നതും കളവാണെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി.

സര്‍ക്കാറുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ഈ തുക നല്‍കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടന്നു വരുകയാണ്. മ്മീഷന്‍ തുകകള്‍ കോണ്‍സലേറ്റ് ജനറിലെ ഏല്പിച്ചുവെന്ന സ്വപ്നയുടെ മൊഴിയും തെറ്റാണെന്ന് ബോധ്യമായിട്ടുണ്ട്. ലോക്കറില്‍നിന്ന് കിട്ടിയത് വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണ്ണമെന്ന മൊഴിയും അന്വേഷണ ഏജന്‍സികള്‍ വിശ്വാസത്തിലെടുക്കുന്നില്ല. 2019 ലാണ് സ്വപ്ന ലോക്കര്‍ എടുത്തത്. ആദ്യ വിവാഹം നടന്നിട്ട് 20 വര്‍ഷമായി. ഇത്രയും നാള്‍, ഇത്രയധികം സ്വര്‍ണ്ണം എവിടെ സൂക്ഷിച്ചു എന്നതിന് സ്വപ്നയ്ക്ക് വ്യക്തമായ മറുപടിയില്ലെന്നും ഇ.ഡി.പറയുന്നു.