ക്രിക്കറ്റില്‍ നിന്നും യാത്രയയപ്പ് ലഭിക്കത്തവരുടെ ടീമുമായി പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും അര്‍ഹിക്കുന്ന തരത്തിലുള്ള യാത്രയയപ്പ് ലഭിക്കാതെ പടിയിറങ്ങിയ താരങ്ങളുടെ ടീമുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ ധോണിയ്ക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കിയില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ ഐഡിയയുമായി പഠാന്‍ എത്തിയത്.

വീരേന്ദ്ര സെവാഗ്, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ താരങ്ങള്‍ക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതെ പോയതിന് പിന്നില്‍ ധോനിയുടെ ഇടപെടലുണ്ടെന്ന വിമര്‍ശനം നിലനില്‍ക്കവെയാണ് പഠാന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ഗൗതം ഗംഭീര്‍, വീരേന്ദ്ര സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഇര്‍ഫാന്‍ പഠാന്‍, അജിത് അഗര്‍കര്‍, സഹീര്‍ ഖാന്‍, പ്രഗ്യന്‍ ഓജാ എന്നിവരടങ്ങിയ യാത്രയയപ്പ് ടീമിലുള്ളത്.

”ക്രിക്കറ്റില്‍ നിന്നും കളമൊഴിഞ്ഞ സമയത്ത് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാത്ത താരങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും വിരമിച്ചവരുടെ ടീമും തമ്മില്‍ ഒരു ചാരിറ്റി-യാത്രയയപ്പ് മത്സരം നടത്തുന്നത് എങ്ങനെയുണ്ടാകും?” -പഠാന്‍ കുറിച്ചു. ധോണിയുടെ വിരമിക്കല്‍ മത്സരം വാര്‍ത്തയാകുമ്പോള്‍ യാത്രയയപ്പ് ലഭിക്കാതെ പടിയിറങ്ങിയ മറ്റ് താരങ്ങളുടെ പേരുകളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കല്‍ മത്സരം ലഭിക്കാതെ പോയ താരങ്ങള്‍ക്ക് ഒരുമിച്ച് യാത്രയയപ്പ് നല്‍കുകയെന്ന നിര്‍ദേശവുമായി പഠാന്‍ രംഗത്തെത്തിയത്.