സ്വപ്നയും ശിവശങ്കറും ചേര്‍ന്ന് ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന ഗുരുതര ആരോപണവുമായി സിപിഐ മുഖപത്രം
സിപിഐ മുഖപത്രമായ ജനയുഗമാണ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് സംശയം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്ന സുരേഷിനൊപ്പം ബംഗളുരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് ജനയുഗത്തിലെ വാര്‍ത്തയില്‍ പറയുന്നു. ജനയുഗം പത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഇന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും നല്‍കിയിട്ടുണ്ട്.
ബഹിരാകാശ രഹസ്യം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചതായി ജനയുഗം റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ തുടങ്ങിയ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തിയതെന്നും ജനയുഗം വാര്‍ത്തയില്‍ പറയുന്നു.
സ്വപ്ന സുരേഷും എം ശിവശങ്കറും നിരന്തരം ബംഗളുരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ബി.ഇ.എല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍വെച്ചാണ് ഇവരുടെ കൂടിക്കാഴ്ച നടന്നതെന്നും എന്‍ഐഎ കണ്ടെത്തിയതായി വാര്‍ത്തയിലുണ്ട്.
‘2019 ഓഗസ്റ്റില്‍ സ്പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍ഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്നറിയുന്നു’- ജനയുഗം വാര്‍ത്തയില്‍ പറയുന്നു.